എന്താണ് താജ് മഹലിന്റെ ഭംഗി കെടുത്തുന്ന ആ കറകൾ? സ്ഫടിക കൊട്ടാരം വീണ്ടും പച്ചനിറത്തിലേക്ക്
അനശ്വര പ്രണയത്തിന്റെ അടയാളമായി സ്ഫടിക നിറത്തിൽ തലയെടുപ്പോടെ നിൽക്കുന്ന മഹാത്ഭുതമാണ് താജ് മഹൽ. എന്നാൽ, ഏതാനും നാളുകൾക്ക് മുൻപ്, ഈ ചരിത്ര സ്മാരകത്തിൽ പച്ചനിറം പടർന്നത് ആശങ്ക ഉണർത്തിയിരുന്നു. ഇപ്പോഴിതാ, വീണ്ടും ആ നിറം പടരുകയാണ് വെളുത്ത ഭിത്തികളിൽ. വസ്തുവിദ്യയ്ക്കും ചാരുതയ്ക്കും പേരുകേട്ട ഈ ശിൽപവൈദഗ്ധ്യത്തിന്റെ ഭാവിയിലാണ് എല്ലാവരും ആശങ്കപ്പെടുന്നത്. താജ്മഹലിൽ പച്ച നിറത്തിലുള്ള പാടുകൾ ആവർത്തിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ടീമിന് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിന് വീണ്ടും തിളക്കം നഷ്ടപ്പെടുകയാണ്. ഉത്തർപ്രദേശിലെ ആഗ്ര നഗരത്തിൽ സ്ഥിതി ചെയ്യുന്ന വെളുത്ത മാർബിൾ ശവകുടീരമായ താജ് മഹൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്നു. പാരിസ്ഥിതിക ഘടകങ്ങളും മലിനീകരണവും കാരണം താജ്മഹലിന്റെ വെളുത്ത മാർബിൾ പുറംഭാഗം വർഷങ്ങളായി വെല്ലുവിളികൾ നേരിടുന്നു. അന്തരീക്ഷ മലിനീകരണം, ആസിഡ് മഴ, മറ്റ് പാരിസ്ഥിതിക മലിനീകരണം എന്നിവ ഈ സ്മാരകത്തെ ബാധിച്ചു. ഇത് മാർബിളിന്റെ നിറവ്യത്യാസത്തിനും മഞ്ഞനിറത്തിനും കാരണമാകുന്നു.
ഇപ്പോൾ, താജ്മഹലിന്റെ തൂവെള്ള നിറത്തിലുള്ള പുറംഭാഗത്തിന്റെ ഭാഗങ്ങൾ പച്ചയായി മാറുന്നു. സ്മാരകത്തിന്റെ സംരക്ഷണത്തിന്റെയും പരിപാലനത്തിന്റെയും ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകത്തിലെ പച്ച നിറത്തിലുള്ള പാടുകളെ കുറിച്ച് ആശങ്കാകുലരാണ്. ഇപ്പോൾ പ്രതിരോധ മാർഗ്ഗങ്ങൾ കണ്ടെത്താൻ ഒരു വർഷം നീണ്ട പഠനത്തിന് ഒരുങ്ങുൿയാണ് സംഘം. സ്മാരകത്തിനോട് ചേർന്നുള്ള യമുന തീരത്ത് പ്രാണികളുടെ മലമൂത്ര വിസർജ്ജനം മൂലമാണ് ഘടനയിൽ ഈ പാടുകൾ അവശേഷിക്കുന്നതെന്ന് എഎസ്ഐയിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
സ്മാരകത്തിന്റെ മാർബിൾ പ്രതലത്തിൽ കാഷ്ഠം നിക്ഷേപിക്കുന്ന ഒരു പ്രത്യേക കീട വർഗ്ഗമാണ് താജ് മഹലിന്റെ നിറവ്യത്യാസത്തിന് കാരണമായി തിരിച്ചറിഞ്ഞിരിക്കുന്നത്. 2015-ലാണ് ഈ പ്രാണിയെ ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് മാർബിളിലും കൊത്തുപണികളിലും കടും തവിട്ട്, പച്ച നിറത്തിലുള്ള പാടുകൾ ഉണ്ടാക്കുന്നതിന് മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യമുന നദിയിലെ മലിനമായ വെള്ളത്തിൽ ഇത് ധാരാളമായി തഴച്ചുവളരുന്നു.
2015-ൽ താജ്മഹലിന്റെ ഉപരിതലത്തിൽ തവിട്ട്-പച്ച പാടുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ, ‘ഗോൾഡിചിറോനോമസ്’ എന്നറിയപ്പെടുന്ന ഒരു ചെറിയ പ്രാണി മൂലമുണ്ടാകുന്ന താൽക്കാലിക പ്രശ്നമായി അധികൃതർ തള്ളിക്കളയുകയായിരുന്നു.
ഈ പാടുകൾ വർഷം തോറും പ്രത്യക്ഷപ്പെടുന്നതിനാൽ, ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് ആവശ്യമാണ്. സ്മാരകത്തിന് സമീപമുള്ള യമുനാ നദിയിലെ മലിനമായ വെള്ളത്തിൽ നിന്നുള്ള പ്രാണികളുടെ മലം മൂലം ഇവിടെ പച്ച നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നത് തടയാൻ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാനാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഒരു വർഷം നീണ്ടുനിൽക്കുന്ന പഠനം നടത്തുന്നത്.
Story highlights- green marks on taj mahal’s wall