‘പാഡും ഗ്ലൗസുമില്ലാതെ ക്രീസിലേക്ക്..’ ബിഗ് ബാഷില്‍ കണ്ടംകളി ഓര്‍മിപ്പിച്ച് ഹാരിസ് റൗഫ്‌

December 23, 2023

ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിലെ മത്സരത്തിനിടെ ചിരിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്ത് മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫ്. സിഡ്നി തണ്ടറിനെതിരാ മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. ഹെല്‍മെറ്റ്, ഗ്ലൗ, പാഡ് എന്നിവയില്ലാതെയാണ് ഹാരിസ് റൗഫ് ഇന്നിങ്സിലെ അവസാന ഓവര്‍ ബാറ്റ് ചെയ്യാനെത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ( Haris Rauf playing Big Bash match without pad and glows )

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മെല്‍ബണ്‍ സ്റ്റാര്‍സിനായി ബ്യൂ വെബ്സറ്റര്‍ അര്‍ധ സെഞ്ച്വറി നേടി. 30 റണ്‍സെടുത്ത മാക്‌സ്‌വെല്ലും 22 റണ്‍സുമായി കാര്‍ട്ട്വെയ്റ്റുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാല് റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് വാലറ്റത്തെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെയാണ് പതിനൊന്നാമനായി ഹാരിസ് റൗഫ് ഇറങ്ങിയത്.

എന്നാല്‍ ടീമംഗങ്ങള്‍ പെട്ടെന്ന് മടങ്ങിയതോടെ റൗഫിന് ബാറ്റിങ്ങിന് ഒരുങ്ങി നില്‍ക്കാന്‍ സമയം കിട്ടിയില്ല. ഇതോടെയാണ് താരം പാഡ് ധരിക്കാതെ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഗ്ലൗസ് അണിയാന്‍ പോലും പാക് താരത്തിന് സമയം കിട്ടിയില്ല. ഇന്നിങ്സില്‍ ശേഷിക്കുന്നത് ഒരു പന്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവസാന പന്ത് നേരിടേണ്ട ദൗത്യം ലിയാം ഡോവ്സനായിരുന്നു. നോണ്‍ സ്ട്രൈക്കില്‍ നില്‍ക്കുക മാത്രമായിരുന്നു ഹാരിസിന് മുന്നിലുണ്ടായിരുന്നത്.

Read Also : ഫ്ലൂമിനെന്‍സിന്റെ വലനിറച്ച് സിറ്റി; ക്ലബ് ലോകകപ്പും ഷെല്‍ഫിലെത്തിച്ച് പെപും സംഘവും

ഗ്രൗണ്ടിലെത്തിയ ശേഷം താരം ഹെല്‍മെറ്റും ഗ്ലൗസുും ധരിച്ചു. അപ്പോഴും പാഡ് കെട്ടാന്‍ മെനക്കെട്ടില്ല. അവസാന പന്തില്‍ ഡോവ്സന്‍ പുറത്തായതിനാല്‍ താരത്തിനു റണ്ണിനായി ഓടേണ്ടിയും വന്നില്ല.

Story highlights : Haris Rauf playing Big Bash match without pad and glows