അന്താരാഷ്ട്ര ചലച്ചിത്ര മാമാങ്കത്തിന് നാളെ തുടക്കം; ഗുഡ്ബൈ ജൂലിയ ഉദ്ഘാടന ചിത്രം

December 7, 2023

28-മത് രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. മേളയുടെ പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം. സുഡാനിയന്‍ നവാഗത സംവിധായകന്‍ മുഹമ്മദ് കൊര്‍ദോഫാനിയുടെ ഗുഡ്ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്. ( IFFK 2023 Goodbye Julia to open 28th film festival )

എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്ര മാമാങ്കത്തിന് അനന്തപുരിയും സിനിമ ആസ്വാദകരും ഒരുങ്ങിക്കഴിഞ്ഞു. ഡെലിഗേറ്റ് കിറ്റ് വിതരണം ആരംഭിച്ചതോടെ പ്രധാനവേദിയായ ടാഗോര്‍ തിയറ്ററില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഗുഡ്ബൈ ജൂലിയ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. യുദ്ധഭൂമിയില്‍ മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങളും സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളും വരച്ചുകാട്ടുന്നതാണ് സിനിമ. മലയാളത്തിലെ ക്ലാസ്സിക്കുകളായ ഓളവും തീരവും, യവനിക, ഭൂതക്കണ്ണാടി, വാസ്തുഹാര എന്നിവ വീണ്ടും തിരശീലയില്‍ എത്തും.

Read Also : ‘നമ്മൾ’ സിനിമയിലെ നായികയെ ഓർമ്മയില്ലേ? മക്കൾക്കൊപ്പം നൃത്തവുമായി രേണുക

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമയിലെ അതികായന്മാരായ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. വിഖ്യാത പോളിഷ് ചലച്ചിത്രകാരന്‍ ക്രിസ്റ്റോഫ് സനൂസിക്കാണ് ഇത്തവണത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. തലസ്ഥാന നഗരിയില്‍ 15 വേദികളിലായി നടക്കുന്ന ചലച്ചിത്രമേള ഈ മാസം 15ന് അവസാനിക്കും.

Story Highlights : IFFK 2023 Goodbye Julia to open 28th film festival