ആയിരം ജനനത്തില്‍ 50 ഇരട്ടകള്‍; ഇത് ഇരട്ടകളുടെ നഗരം
പ്രത്യേക നിര്മിതകള്, പ്രകൃതിയൊരുക്കുന്ന മനോഹരമായ ദൃശ്യങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍ അല്ലെങ്കില്‍ മറ്റു സവിശേഷതകളാലോ ആയിരിക്കും ഓരോ നഗരങ്ങളും അറിയപ്പെടുന്നത്. എന്നാല്‍ എന്നാല്‍ നൈജീരിയയിലെ ഒരു നഗരം തികച്ചും വ്യത്യസ്തമായ കാരണത്താല്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഈ നൈജീരിയന്‍ നഗരത്തില്‍ അസാധാരണമാംവിധം ഇരട്ട കുട്ടികളുടെ ജനനനിരക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇഗ്ബോ ഒറ എന്ന നൈജീരിയന്‍ നഗരം ‘ഇരട്ടകളുടെ നഗരം’ എന്നാണ് അറിയപ്പെടുന്നത്. ( Igbo Ora the city of twins in Nigeria )
പ്രകൃതിയുടെ ഒരു അത്ഭുതമായിട്ടാണ് ഇരട്ട കുട്ടികളെ കണക്കാക്കപ്പെടുന്നത്. ഒരേ മുഖച്ഛായയുള്ള രണ്ട് വ്യക്തികളെ കണ്ടുമുട്ടുന്നത് നമുക്ക് കൗതുകകരമായ കാഴ്ചയാണ്. അത്തരത്തിലൊരു മനോഹരമായ കാഴ്ചയാണ് ഇഗ്ബോ ഓറയില്‍ നമുക്ക് കാണാനാകുക. ഈ നഗരത്തിലെ ഓരോ കുടുംബത്തിലും ഒരു ജോഡിയോ അതിലധികമോ ഇരട്ടകളുണ്ടെന്നാണ് പ്രാദേശിക മേധാവി ജിമോ ടിറ്റിലോയ് പറയുന്നത്.
നൈജീരിയയിലെ യോറൂബ വംശീയ വിഭാഗത്തില്‍ ഇരട്ടക്കുട്ടികള്‍ വളരെ സാധാരണമാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1970-ല്‍ ബ്രിട്ടീഷ് ഗൈനക്കോളജിസ്റ്റ് നടത്തിയ ഒരു പഠനത്തിന്റെ റിസള്‍ട്ട് ഏറെ കൗതുകമുള്ളതായിരുന്നു. നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍, ഓരോ 1000 ജനനങ്ങളിലും 50 ജോഡി ഇരട്ടകള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ഇരട്ട ജനനനിരക്കുകളില്‍ ഒന്നാണിത്.
ഇടയ്ക്കിടെ ഇരട്ടക്കുട്ടികള്‍ ജനിക്കുന്ന യൊറൂബ സംസ്കാരത്തില്‍, പരമ്പരാഗത ആചാരങ്ങളെ അടിസ്ഥാനമാക്കി അവര്‍ക്ക് പ്രത്യേക പേരുകള്‍ നല്‍കിയിട്ടുണ്ട്. ജനനക്രമത്തിന് അനുസരിച്ച് അവരെ തായ്വോ അല്ലെങ്കില്‍ കെഹിന്ഡേ എന്നാണ് വിളിക്കുന്നത്. ഇരട്ടകളുടെ ജനനം ആഘോഷിക്കുന്നതും ഇവരുടെ രീതിയാണ്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഇരട്ടകുട്ടികളുടെ ജനനം ആഘോഷമാക്കുകയാണ് ഇഗ്ബോ ഓറയിലെ നിവാസികള്‍. വര്‍ഷത്തില്‍ ഒരിക്കലാണ് ഇങ്ങനെയൊരു ഉത്സവം നടത്തുന്നത്. ഈ ഉത്സവത്തിന് സാക്ഷിയാകാന്‍ വിദേശികള്‍ അടക്കമുള്ളവര്‍ എത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയില്‍ 1000 ജോഡി ഇരട്ടകളാണ് പങ്കെടുത്ത്ത്.
Read Also : തലയ്ക്കുമീതെ പാഞ്ഞ് ട്രെയിൻ; പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മക്കളും- വിഡിയോ
ഉയര്‍ന്ന ഇരട്ട ജനനനിരക്കിന്റെ പേരില്‍ നഗരം പ്രശസ്തിയാര്ജിച്ചെങ്കിലും ഈ പ്രതിഭാസത്തിന് ശാസ്ത്രീയ തെളിവുകളോ വിശദീകരണമോ ഇതുവരെ കണ്ടെത്താനായിട്ടില്ല. യാമപ്പൊടിയില് നിന്ന് തയ്യാറാക്കിയ അമല എന്ന പരമ്പരാഗത വിഭവമാണ് ഇതിന് കാരണമെന്ന് പ്രാദേശവാസികള്‍ വിശ്വസിക്കുന്നത്. ഈ ഭക്ഷണവിഭവം കഴിക്കുന്നതിലൂടെ ഒന്നില്‍കൂടുതല്‍ അണ്ഡോത്പാദനത്തിന് സഹായകമാകുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായകരമായേക്കാം എന്നാണ് അബുജയില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റ് ജോണ്‍ ഒഫെം അഭിപ്രായപ്പെടുന്നത്.
Story highlights : Igbo Ora the city of twins in Nigeria