ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ ക്രിസ്മസ് ട്രീ ബംഗളൂരുവിൽ- 100 അടി ഉയരം!

December 23, 2023

ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് ലോകം. ക്രിസ്മസ്-പുതുവത്സരത്തെ വരവേൽക്കാൻ ഇന്ത്യയും അതിന്റെ വിവിധ നഗരങ്ങൾ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും തിരക്കേറിയ, അവധിക്കാലം ആഘോഷിക്കാൻ എല്ലാവരും തെരഞ്ഞെടുക്കുന്ന ബംഗളൂരുവിൽ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്‌മസ് ട്രീ ആകർഷണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്.

ബെംഗളൂരുവിലെ ഈ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും ശ്രദ്ധ ആകർഷിക്കുന്നു. നഗരത്തിലെ ഒരു മാൾ ഡിസംബർ 16 ന് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് ട്രീ അനാച്ഛാദനം ചെയ്തപ്പോൾ ബെംഗളൂരു നിവാസികൾ അമ്പരന്നു. 100 അടി ഉയരത്തിൽ നിൽക്കുന്ന ഈ ഭീമാകാരമായ മരം ബെംഗളൂരുവിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിലെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ, ഇന്ത്യയിൽ തന്നെ ഏറ്റവും വലുതാണ്.

Read also: ‘ഗംഖര്‍ പ്യൂണ്‍സം’; പര്‍വതാരോഹകര്‍ കീഴടക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, കാരണമറിയാം..!

ഗംഭീരമായ ആഘോഷത്തിനും ക്രമീകരണങ്ങൾക്കും ഈ മാൾ സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമല്ല എന്നതാണ് ശ്രദ്ധേയം. 2019 ൽ, ഇന്ത്യയിലെ അന്നത്തെ ഏറ്റവും ഉയരം കൂടിയ ട്രീ ഇവിടെ അനാച്ഛാദനം ചെയ്യപ്പെട്ടു. അത് 75 അടി ഉയരത്തിലായിരുന്നു.അതോടൊപ്പം, ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ യൂറോപ്യൻ ശൈത്യകാല വിപണികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിപുലമായ ക്രിസ്മസ് കാർണിവൽ ഒരുക്കിയിട്ടുമുണ്ട്. ജിഞ്ചർബ്രെഡ് ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ള വീടുകൾ, കാർണിവൽ നർത്തകർ, സാന്താസ്, മാലാഖമാർ, ഊതിവീർപ്പിക്കുന്ന മഞ്ഞുമനുഷ്യൻ അങ്ങനെ നീളുന്നു ഈ പട്ടിക.

Story highlights- indias tallest christmas tree in bangalore