“ഇവിടെ സെയിഫാണ്”; രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ കോഴിക്കോടും
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ കോഴിക്കോടും. പത്താം സ്ഥാനത്തുള്ള കോഴിക്കോട് കുറ്റകൃത്യങ്ങളുടെ നിരക്ക് 397.5 ആണ്. അതേസമയം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ പട്ടണം എന്ന പദവി തുടർച്ചയായി മൂന്നാം തവണയും സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത. കൊൽക്കത്തയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 78.2 മാത്രമാണ്. (Kozhikode holds 10th position among safest cities in India)
ചെന്നൈ, കോയമ്പത്തൂർ, സൂരത്, പുണെ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ്, മുംബൈ എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് നഗരങ്ങൾ. കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൃത്യമായ കുറവുള്ളതിനാൽ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് താമസക്കാർക്ക് ഏറെ സുരക്ഷിതമായ ഇടങ്ങളാണ് ഇവ.
Also read: ഷാർജ യാത്രക്കാരുടെ ഇഷ്ട വിമാനത്താവളം; ഒന്നാമതായി തിരുവനന്തപുരം
കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.
പോസ്റ്റിനൊപ്പം അദ്ദേഹം ചേർത്ത കുറിപ്പിങ്ങനെ:
“ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയിൽ, കോഴിക്കോടും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ(NCRB) ഏറ്റവും പുതിയ വിവരങ്ങളനുസരിച്ചു രാജ്യത്തെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ പത്താം സ്ഥാനം നമ്മുടെ കോഴിക്കോടിന്. കുറ്റകൃത്യങ്ങളുടെ നിരക്കിൽ താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇത് നഗരങ്ങളിലെ താമസക്കാർക്ക് സുരക്ഷിതത്വ ബോധമുളവാക്കുന്നതിന് സഹായിക്കുന്നു. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ആദ്യ പത്തിലുള്ള ഏകനഗരവും കോഴിക്കോടാണ്.”
Story highlights: Kozhikode holds 10th position among safest cities in India