‘ക്യാമറക്കണ്ണിലേക്ക് നോക്കി കുറച്ച് കൊച്ചുവര്‍ത്തമാനങ്ങള്‍’; പുതിയ തുടക്കവുമായി ലാല്‍ജോസ്
ഒരു മറവത്തുര്‍ കനവും മീശ മാധവനും, ക്ളാസ്മേറ്റ്സും അടക്കം നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. സിനിമ തിരക്കിനിടയിലും യാത്രകളുടെ വിശേഷങ്ങള്‍ അടക്കമുള്ള കാര്യങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമാണ് ഈ ജനപ്രിയ സംവിധായകന്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ( Laljose begins his YouTube channel )
പുതുവര്‍ഷത്തില്‍ പുത്തന്‍ തുടക്കത്തിന് തയ്യാറെടുക്കന്നതായാണ് അദ്ദേഹം കുറിപ്പിലൂടെ അറിയിക്കുന്നത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ‘ലാല്‍ ജോസിന്റെ കൊച്ചുവര്‍ത്തമാനങ്ങള്‍’ എന്ന ഉദ്യമത്തിന് തുടക്കമിടുന്നതിന്റെ വിശേഷങ്ങള്‍ പുറത്തുവിട്ടത്. ജനുവരി ഒന്നാം തിയതി അഞ്ച് മണിക്കാണ് പുതിയ പരിപാടിക്ക് തുടക്കമാകുന്നത്.
നിരവധി യാത്രകള്‍ ചെയ്യുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അനുഭവങ്ങളെയെല്ലാം കഥകളുമായി ആരാധകര്‍ക്ക് പങ്കുവയ്ക്കാന്‍ ഒരു യുട്യൂബ് ചാനലിന് തുടക്കമിട്ടിരിക്കുകയാണ്.
കുറിപ്പിന്റെ പൂര്‍ണരൂപം; പ്രിയരേ, ഡിസംബര്‍ മാസമാകുമ്പോ എവിടെ നിന്നെങ്കിലും അടുത്ത വര്‍ഷത്തേക്കുള്ള ഒരു പുത്തന്‍ ഡയറി ആരുടെയെങ്കിലും സ്നേഹസമ്മാനമായി കയ്യിലെത്തും. ധാരാളം ഡയറികള്‍ കയ്യില്‍ വന്ന വര്‍ഷങ്ങളില്‍ ഇതിലൊക്കെ എഴുതി നിറയ്ക്കാനും മാത്രം അനുഭവങ്ങള്‍ വരും കൊല്ലത്തില്‍ ഉണ്ടാകണമെന്ന് കൊതിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഒരു നല്ല ഡയറി എടുത്ത് അടുക്കോടും ചിട്ടയോടും അനുഭവങ്ങള്‍ എഴുതണമെന്ന് പ്രതിജ്ഞയെടുത്ത പുതുവര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടു. നാലു താളിനപ്പുറം കടന്നിട്ടില്ല.അനുഭവങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. എഴുതാനുള്ള അച്ചടക്കവും കെല്പും ഇല്ലഞ്ഞിട്ടാണ്.
Read Also : പാലക്കാട്ടുകാരന്റെ ജലഛായ ചിത്രത്തിന് ലേലത്തില്‍ കിട്ടിയത് അരക്കോടിയോളം രൂപ
ഇനിയും അനുഭവങ്ങളെയങ്ങനെ പാട്ടിന് വിടാന്‍ പറ്റില്ല. കൊറെ വല്യമനുഷ്യരെ അതിലധികം നല്ല മനുഷ്യരെ കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. നല്ല നല്ല സ്ഥലങ്ങളില്‍ പോയി എല്ലാം മറന്നിരുന്നിട്ടുണ്ട്. ആകെ പിടിച്ചുലയ്ക്കുന്ന കഥകളെത്ര കേട്ടിരിക്കുന്നു. എഴുതാന്‍ വയ്യാത്തകൊണ്ട് പറയാമെന്ന് വച്ചു. ഒരു കൊച്ചുകാമറ ഓണ്‍ ചെയ്തുവെച്ച് അതിന്റെ കണ്ണിലേക്ക് നോക്കി ഓരോരോ കൊച്ചുവര്‍ത്തമാനങ്ങള്‍… പത്ത് മിനിറ്റില്‍ താഴെയുള്ള ഓരോ വീഡിയോകള്‍… അവ അപ് ലോഡ് ചെയ്യാന്‍ ഒരു യൂട്യൂബ് ചാനല്‍…
ലാല്‍ ജോസിന്റെ കൊച്ചുവര്‍ത്തമാനങ്ങള്‍…സംഗതി ഈ പുതുവര്‍ഷത്തില്‍ ജനുവരി ഒന്നാം തീയതി അഞ്ചു മണിക്ക് തുടങ്ങുകയാണ്… കൂടെയുണ്ടാകുമല്ലോ- ലാല്‍ജോസ് കുറിച്ചു.
Story highlights : Laljose begins his YouTube channel