“മോഹം കടല്‍ കടന്നു”; ഡോക്ടര്‍ സഹോദരിമാരുടെ ഭരതനാട്യം അരങ്ങേറ്റം കൊച്ചിയില്‍

December 22, 2023

ഭരതനാട്യത്തെ പ്രണയിച്ച് ചിലങ്കയണിഞ്ഞ ശ്രീലങ്കന്‍ വംശജരായ ഡോക്ടര്‍മാര്‍ക്ക് ഇന്ന് കൊച്ചിയില്‍ അരങ്ങേറ്റം. ശ്രീലങ്കയില്‍ ജനിച്ച് മലേഷ്യയില്‍ വളര്‍ന്ന ഷാലിനി ഡോണ്‍ കഹ്ത പേട്ടിയ, ഉപ്ഷര ഡോണ്‍ കഹത എന്നിവര്‍ക്കാണ് ഇന്ന് സ്വപ്‌ന സാഫല്യം. വൈകീട്ട് ആറ് മണിക്ക് കൊച്ചി ടൗണ്‍ഹാളിലാണ് രണ്ട് മണിക്കൂര്‍ നീണ്ട ഭരതനാട്യ കച്ചേരി അരങ്ങേറുക. ( Malaysian doctor sisters make their Bharatanatyam debut in Kochi )

കൊവിഡ് കാലത്ത് നര്‍ത്തകിയായ ഉത്തര ഉണ്ണിയുടെ ഡാന്‍സ് വീഡിയോകകള്‍ കാണാനിടയായതാണ് ഡോക്ടര്‍ സഹോദരിമാര്‍ക്ക് ഭരതനാട്യത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ഇതോടെ ഉത്തര ഉണ്ണിയുമായി ബന്ധപ്പെട്ട് ശിഷ്യത്വം സ്വീകരിച്ച ഇരുവരും ഓണ്‍ലൈന്‍ വഴിയാണ് ഭരതനാട്യം അഭ്യസിച്ചത്. നാല് വര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഷാലിനിയും ഉപഷ്‌രയും കൊച്ചിയിലെത്തിയത്. ഉത്തര ഉണ്ണിയുടെ കൊച്ചിയിലെ വീട്ടിലെത്തി നൃത്തത്തിലെ പോരായ്മകള്‍ പരിഹരിക്കുകയായിരുന്നു. ഭരതനാട്യത്തിലെ പുഷ്പാഞ്ജലി മുതല്‍ തില്ലാന വരെയുള്ള ഇനങ്ങളാണ് ഡോക്ടര്‍ സഹോദരിമാര്‍ ഇന്ന് കൊച്ചി ടൗണ്‍ ഹാളില്‍ അവതരിപ്പിക്കുന്നത്.

ഒമ്പതാം വയസില്‍ കാലിലെ ആംഗിള്‍ ബോണിന് ബാധിച്ച അണുബാധയത്തുടര്‍ന്ന് ഷാലിനുടെ ചലനശേഷി നഷ്ടമായിരുന്നു. അതിനെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റേണ്ടിവരുമെന്നായിരുന്നു ഡോ്ക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ ചലനശേഷി തിരികെ ലഭിച്ചത്. നിലവില്‍ ചെക് റിപബ്ലിക് തലസ്ഥാനമായ പ്രാഗിലാണ് ഇരുവരും ജോലി ചെയ്യുന്നത്.

Read Also : 73-ാം വയസ്സിൽ ബിരുദംനേടി; 90-ാം വയസിൽ ബിരുദാനന്തര ബിരുദവും! മിന്നി പെയ്ൻ സ്റ്റാറാണ്!

നാല് വര്‍ഷത്തെ സ്വപ്‌ന സാഫല്യത്തിന് സാക്ഷിയാകാന്‍ ഷാലിനിയുടെയും ഉപ്ഷരയുടെയും മാതാപിതാക്കളും ബന്ധുക്കളും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. കൊച്ചി മേയര്‍ അനില്‍ കുമാറും നര്‍ത്തകിയും സിനിമ താരവുമായ ശ്രീദേവി ഉണ്ണിയും ചടങ്ങില്‍ പങ്കെടുക്കും.

Story Highlights : Malaysian doctor sisters make their Bharatanatyam debut in Kochi