ഋതുമതിയായാൽ കീഴ്ചുണ്ടിൽ ദ്വാരമിട്ട് പ്ളേറ്റ് ധരിക്കും; ഇത് മുർസി ജനതയുടെ വേറിട്ട സൗന്ദര്യ സങ്കല്പം

December 29, 2023

എന്താണ് സൗന്ദര്യത്തിന്റെ അളവുകോൽ? ഓരോ വ്യക്തിയിലും ഓരോ സംസ്കാരത്തിലും അത് വേറിട്ടുനിൽക്കുന്ന കാഴ്ചപ്പാടാണ്. ഒരാളുടെ കണ്ണിലെ സുന്ദരിയും സുന്ദരനും മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. സംസ്‌കാരങ്ങൾക്ക് എത്രത്തോളം പ്രത്യേക സൗന്ദര്യ ധാരണകൾ ഉണ്ടെന്ന്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വ്യത്യസ്ത സൗന്ദര്യ സങ്കല്പങ്ങളിലൂടെ വേറിട്ടുനിൽക്കുന്ന ഒരു ഗോത്രവിഭാഗം ലോകത്തുണ്ട്. അതാണ് മുർസി ഗോത്രം. എത്യോപ്യയിലെ ഒറ്റപ്പെട്ട പ്രദേശമായ ഒമോ വാലിയിലാണ് ഇവർ താമസിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ഇപ്പോഴും ധരിക്കുന്ന അവസാനത്തെ ഗോത്രങ്ങളിൽ ഒന്നാണിത്.

മുർസി സ്ത്രീകൾ ലോകപ്രസിദ്ധരാണ്. കാരണം, അവരുടെ പ്രത്യേകമായ സൗന്ദര്യ കാഴ്ചപ്പാടുകൾ കൊണ്ടുതന്നെയാണ്. മുർസി സ്ത്രീകൾ അവരുടെ ചുണ്ടുകൾ തടികൊണ്ടുള്ള ലിപ് പ്ലേറ്റുകൾ കൊണ്ട് വേറിട്ടതാക്കുന്നതിൽ പ്രശസ്തമാണ്. ഇത് സൗന്ദര്യത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാണ്. നമുക്ക് അത് എത്രത്തോളം ആകർഷണമാണ് എന്നത് മറ്റൊരു കാര്യം. ചിലപ്പോൾ സൗന്ദര്യം, കാണുന്നവരിൽ അസ്വസ്ഥത ഉളവാക്കുന്ന തരത്തിലാണ് എന്നും പറയാം.

ഒരു പെൺകുട്ടിക്ക് 15-16 വയസ്സാകുമ്പോൾ കീഴ്ച്ചുണ്ട് അമ്മയോ മറ്റാരെങ്കിലുമോ മുറിക്കുകയും അത് സുഖപ്പെടുന്നതുവരെ ഒരു സോഡഡ് പ്ലഗ് ഉപയോഗിച്ച് തുറന്നനിലയിൽ ഉണങ്ങാൻ അനുവദിക്കുകയും ചെയ്യുന്നു. ചുണ്ടുകൾ എത്രത്തോളം നീട്ടണമെന്ന് പെൺകുട്ടികളുടെ ആഗ്രഹത്തിനനുസരിച്ചാണ്. വളരെ വേദനാജനകമായ ഈ പ്രക്രിയ ഉണങ്ങാനും പൂർത്തിയാകാനും പലപ്പോഴും നിരവധി മാസങ്ങൾ എടുക്കും .

പ്രായമായ വിവാഹിതരായ സ്ത്രീകളേക്കാൾ അവിവാഹിതരായ പെൺകുട്ടികളും നവദമ്പതികളും ലിപ് പ്ലേറ്റുകൾ പതിവായി ധരിക്കുന്നു. പുരുഷന്മാർക്ക് ഭക്ഷണം വിളമ്പുക, പശുക്കളെ കറക്കുക, കല്യാണം പോലുള്ള പ്രധാന ആചാരങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ മാത്രമാണ് മറ്റുസ്ത്രീകൾ അവ സാധാരണയായി ധരിക്കുന്നത്.

Read also: ‘ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങള്‍’; ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര

അവിവാഹിതരായ പെൺകുട്ടികൾ, പ്രത്യേകിച്ച് വലിയ പ്ളേറ്റുകൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ എപ്പോൾ പോയാലും അവ ധരിക്കും. ലിപ് പ്ലേറ്റ് നിരവധി അർത്ഥങ്ങൾ വഹിക്കുന്നു. ഒന്നാമതായി, ഇത് മഹത്തായ സൗന്ദര്യത്തിന്റെ പ്രതീകമാണ്. രണ്ടാമതായി, അത് ഭർത്താവിനോടുള്ള പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു, കാരണം ഭക്ഷണം വിളമ്പുമ്പോൾ സ്ത്രീകൾ അത് വളരെ അഭിമാനത്തോടെ ധരിക്കുന്നു. ഭർത്താവ് മരിച്ചാൽ, അയാളുടെ മരണശേഷം ഒരു സ്ത്രീയുടെ ബാഹ്യസൗന്ദര്യം മങ്ങുമെന്ന് പറയപ്പെടുന്നതിനാൽ ലിപ് പ്ലേറ്റ് നീക്കം ചെയ്യുന്നു. അതോടൊപ്പം, മുർസി ഐഡന്റിറ്റിയുടെ ശക്തമായ അടയാളമാണ് ഈ പ്ലേറ്റ്. അതില്ലാതെ, അവർ മറ്റൊരു ഗോത്രത്തിലെ അംഗമായി തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

Story highlights- mursi women beauty plates