ക്രിക്കറ്റിലെ അപൂര്‍വ പൂറത്താകല്, നാണക്കേടുമായി മുഷ്ഫീഖുര്‍ റഹീം; അറിയാം ‘ഹാന്ഡ്ലിങ് ദ് ബോള്‍ ഔട്ട്’

ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനെതിരായ മത്സരത്തില്‍ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് പുറത്തായത് ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ചയായത്. ഒരു പന്ത് പോലും നേരിടാന്‍ കഴിയാതെ ഐസിസിയുടെ ‘ടൈം ഔട്ട്’ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് താരം പുറത്തായത്. ഇതോടെ രാജ്യന്തര ക്രിക്കറ്റില്‍ ടൈം ഔട്ട് നിയമത്തിലൂടെ പുറത്താവുന്ന ആദ്യ താരമായും് എയ്ഞ്ചലോ മാത്യൂസ് മാറിയിരുന്നു. അതുപോലെ മറ്റൊരു പുറത്താകലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ( Mushfiqur Rahim out handling the ball against New Zealand )
ബാറ്റിങ്ങിനിടെ പന്ത് കൈ കൊണ്ട് പിടിച്ചതിനാണ് ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം പുറത്തായത്. ക്രിക്കറ്റ് മത്സരങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ‘ഹാന്ഡ്ലിങ് ദ് ബോള്‍ ഔട്ട്’ ആയാണ് മുഷ്ഫീഖുര്‍ മടങ്ങിയത്. ഇതോടെ ഈ രീതിയില്‍ പുറത്താകുന്ന ആദ്യ ബംഗ്ലാദേശ് ക്രിക്കറ്റ് താരമെന്ന് നാണക്കേടിന്റെ റെക്കോഡിന് അര്‍ഹനായത്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ കെയ്ല്‍ ജമൈസണ് എറിഞ്ഞ 41-ാം ഓവറിലാണ് നാടകിയ പുറത്താകല്‍.
ആദ്യ സെഷനിലും സ്റ്റമ്പിലേക്ക് പോകുന്ന പന്ത് കൈ കൊണ്ട് തടയാനായി മുഷ്ഫീഖുര്‍ ശ്രമിച്ചിരുന്നു. 29-ാം ഓവറിലായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ബൗണ്‍സ് ചെയ്ത പന്ത് മുഷ്ഫീഖുറിന്റെ കൈകളില്‍ തട്ടാതെ വിക്കറ്റിന് മുകളിലൂടെ പിന്നിലേക്ക് പോയതോടെ കിവീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തില്ല.
ഇതിന് പിന്നാലെ 41-ാം ഓവറിലെ ജമൈസണിന്റെ ഓവറിലെ നാലാം പന്ത് മുഷ്ഫീഖുര്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പ്രതിരോധിച്ചെങ്കിലും ബാറ്റില്‍ തട്ടി ബൗണ്‍സ് ചെയ്ത പന്ത് വിക്കറ്റിലേക്ക് പോകുമോ എന്ന സംശയത്തില്‍ മുഷ്ഫീഖുര്‍ കൈ കൊണ്ട് തട്ടിയകറ്റി. പിന്നാലെ കിവീസ് താരങ്ങള്‍ ഹാന്ഡ്ലിങ് ദ് ബോള്‍ ഔട്ടിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. റീപ്ലേകള്‍ പരിശോധിച്ചശേഷം ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.
Read Also : ഫുട്ബോള്‍ ടീമില്ലാത്ത അവസാന രാജ്യം, ഇനിയുമെത്ര കാലം..? പേരുദോഷം മാറ്റാനൊരുങ്ങി മാര്‍ഷല്‍ ദ്വീപുകള്‍
മാരിബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ നിയമമനുസരിച്ച് ഒരു ബാറ്റര്‍ ബാറ്റ് ചെയ്യുമ്പോള്‍ മനപ്പൂര്‍വം പന്ത് തൊടാന്‍ അനുവാദമില്ല. ഇങ്ങനെ തടഞ്ഞാല്‍ ഫീല്‍ഡിങ്ങിന് തടസം സൃഷ്ടിച്ചതായി കണക്കാക്കി പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്കുണ്ട്.
ടെസ്റ്റില്‍ ഹാന്ഡ്ലിങ് ദ് ബോള്‍ നിയമ പ്രകാരം ഔട്ടാവുന്ന പുരുഷ ക്രിക്കറ്റിലെ പതിനൊന്നാമത്തെ കളിക്കാരനാണ് റഹീം. 1957ല്‍ ദക്ഷിണാഫ്രിക്കയുടെ റസല്‍ എന്‍ഡിയാനാണ് ഈ നിയമ പ്രകാരം പുറത്തായ ആദ്യ ബാറ്റര്‍. 1986ല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ മൊഹീന്ദര്‍ അമര്‍നാഥും 2001ല്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയുടെ സ്റ്റീവ് വോയും ഇത്തരത്തില്‍ പുറത്തായി. 2015-ല്‍ അഫ്ഗാനിസ്ഥാനെതിരെ ഇങ്ങനെ പുറത്തായ സിംബാബ്വെയുടെ ചാമു ചിബാബക്ക് ശേഷം ആദ്യമായാണ് ഒരു ബാറ്റര്‍ ഹാന്ഡ്ലിങ് ദ് ബോള്‍ നിയമത്തില്‍ പുറത്താകുന്നത്.
Story Highlights : Mushfiqur Rahim out handling the ball against New Zealand