‘പുകവലി തലച്ചോറിന് വരുത്തുന്ന കേടുകൾ ഒരിക്കലും മായില്ല’; കണ്ടെത്തലുമായി പുതിയ പഠനം!

December 15, 2023

സിഗരറ്റ് നമുക്ക് എത്രയധികം ദോഷകരമാണെന്നും പുകവലി നമ്മുടെ ഹൃദയത്തെയും ശ്വാസകോശത്തെയും എങ്ങനെ നശിപ്പിക്കുമെന്നും ക്യാൻസറിന് പോലും കാരണമാകുമെന്നും നമുക്കറിയാം. പക്ഷെ പുകവലിയും നമ്മുടെ തലച്ചോറിന്റെ ഘടനയുമായി നേരിട്ട് ബന്ധമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? പുകവലി മസ്തിഷ്കത്തെ ശാശ്വതമായി ചുരുക്കുമെന്നും വരുത്തിയ കേടുകൾ മാറ്റാനാവാത്തതാണെന്നും ഒരു പുതിയ പഠനം പറയുന്നു. (New studies show smoking is linked to brain shrinkage)

പുകവലി ഉപേക്ഷിക്കുന്നതിലൂടെ മസ്തിഷ്ക കോശങ്ങളുടെ കൂടുതൽ നഷ്ടം തടയാമെങ്കിലും പുകവലി നിർത്തുന്നത് തലച്ചോറിനെ അതിന്റെ യഥാർത്ഥ വലുപ്പത്തിലേക്ക് പുനഃസ്ഥാപിക്കില്ലെന്ന് ബയോളജിക്കൽ സൈക്യാട്രി: ഗ്ലോബൽ ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തി. 32,094 ആളുകളുടെ തലച്ചോറിന്റെ അളവ്, പുകവലിയുടെ ചരിത്രം, പുകവലിയുടെ ജനിതക അപകടസാധ്യത എന്നിവയെക്കുറിച്ചുള്ള ഡാറ്റയാണ് പഠനത്തിനായി സംഘം വിശകലനം ചെയ്തത്.

Read also: കരുതൽ വേണം; ഇവ പ്രതിരോധശേഷിക്ക് ഭീഷണിയാകുന്ന ശീലങ്ങൾ!

പുകവലിക്കാർക്ക് പ്രായാധിക്യവുമായി ബന്ധപ്പെട്ട അൽഷിമേഴ്‌സ് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം വിശദീകരിക്കുന്നു. പ്രായത്തിനനുസരിച്ച് ആളുകളുടെ മസ്തിഷ്കത്തിന്റെ അളവ് സ്വാഭാവികമായും നഷ്ടപ്പെടുന്നതിനാൽ, പുകവലി തലച്ചോറിന് അകാല വാർദ്ധക്യത്തിന് കാരണമാകുമെന്ന് സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നു.

ഒരു വ്യക്തി പ്രതിദിനം എത്ര പാക്കറ്റ് സിഗരറ്റ് വലിക്കുന്നു എന്നതനുസരിച്ച് അയാളുടെ തലച്ചോറിന്റെ വലിപ്പം കുറയുന്നു. വർഷങ്ങൾക്ക് മുമ്പ് പുകവലി നിർത്തിയ ആളുകളുടെ ഡാറ്റ വിശകലനം ചെയ്തതിലൂടെ, ഒരിക്കലും പുകവലിക്കാത്ത ആളുകളുടെ തലച്ചോറിനേക്കാൾ അവരുടെ തലച്ചോറ് സ്ഥിരമായി ചെറുതായി തുടരുന്നതായും ഗവേഷകർ കണ്ടെത്തി.

Story highlights: New studies show smoking is linked to brain shrinkage