ചുരുങ്ങിയ ദിവസങ്ങൾ, 350 മില്യൺ കാഴ്ചക്കാർ; റിസ്വാൻ പന്തടിച്ചു കയറിയത് റെക്കോഡിലേക്ക്!
നിനയ്ക്കാത്ത നേരം അപ്രതീക്ഷിതമായ നേട്ടങ്ങൾ പലരെയും തേടി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോകളിലൂടെയും മറ്റും അതി വേഗം പ്രശസ്തിയിലേക്ക് എത്തിയ നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. കൂട്ടത്തിൽ ഏറ്റവും പുതിയ ഉദാഹരണമാണ് മലപ്പുറം അരീക്കോട് സ്വദേശി മുഹമ്മദ് റിസ്വാൻ. ഫുട്ബോൾ തട്ടി ലോകമാകെ വൈറലായിരിക്കുകയാണ് ഇപ്പോൾ റിസ്വാൻ. (Riswan’s freestyle football earns him world record)
റിസ്വാൻ പന്ത് തട്ടി വെള്ളച്ചാട്ടത്തിലേക്ക് ഇടുന്ന വിഡിയോയാണ് ഏതാനും ദിവസങ്ങൾ കൊണ്ട് 35 കോടി വ്യൂസ് വാരിക്കൂട്ടിയത്. റിസ്വാൻ തൊടുത്തു വിട്ട പന്ത് പാറകൾക്കിടയിലൂടെ വെള്ളച്ചാട്ടത്തിലേക്ക് പതിക്കുന്നതാണ് വിഡിയോ. പത്ത് ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയ്ക്ക് ആദ്യദിനം തന്നെ ഒരു മില്യൺ കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. നിലവിൽ 350 മില്യണിലധികം കാഴ്ചക്കാർ വിഡിയോ കണ്ട് കഴിഞ്ഞു. മാത്രമല്ല, ഈ വിഡിയോയിലൂടെ ലോക റെക്കോർഡും സൃഷ്ഠിച്ചിരിക്കുകയാണ് റിസ്വാൻ.
Read also: 764 അടി ഉയരത്തില് നിന്ന് ബംഗീ ജമ്പ്; ചാട്ടത്തിന് പിന്നാലെ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്..
താൻ ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിവേഗം ഇത്രയധികം വ്യൂസ് ഉണ്ടായത് തന്നെ അതിശയിപ്പിച്ചെന്നും റിസ്വാൻ പറയുന്നു. വ്യാപകമായി വിഡിയോയ്ക്ക് ലഭിച്ച അംഗീകാരത്തിന് പിന്നിലെ കാരണം തനിക്ക് അറിയില്ലെന്നും റിസ്വാൻ പറയുന്നു.
ഫ്രീസ്റ്റൈൽ എന്ന ഫുട്ബോൾ രീതിയാണ് റിസ്വാൻ പരീക്ഷിക്കുന്നത്. കയ്യിലും കാലിലും തലയിലുമൊക്കെ പന്ത് നിശ്ചലമായി ബാലൻസ് ചെയ്യുന്ന അഭ്യാസപ്രകടനങ്ങളാണ് ഇതിന്റെ പ്രത്യേകത. ഫ്രീസ്റ്റൈൽ ഫുട്ബാളിൽ കൂടുതൽ അഭ്യാസപ്രകടനങ്ങൾ പഠിക്കുക എന്നതാണ് റിസ്വാന്റെ ലക്ഷ്യം.
Story highlights: Riswan’s freestyle football earns him world record