764 അടി ഉയരത്തില്‍ നിന്ന് ബംഗീ ജമ്പ്; ചാട്ടത്തിന് പിന്നാലെ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്..

December 6, 2023

സഹാസികരായ വിനേദ സഞ്ചാരികളുടെ ഇഷ്ട വിനോദങ്ങളില്‍ ഒന്നാണ് ബംഗീ ജമ്പിംഗ്. ഇതിനായി എത്ര പണം ചെലവഴിക്കാനും തയ്യാറാകുന്ന ആളുകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പിംഗ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ചൈനയിലെ മക്കാവു ടവര്‍. മക്കാവു ടവറില്‍ നിന്ന് ബംഗീ ജമ്പിംഗ് നടത്തിയ 56-കാരനായ ജപ്പാന്‍ സ്വദേശി മരണപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ( Tourist died after bungee jump from Macau Tower )

764 അടി ഉയരമുള്ള ടവറില്‍ നിന്നാണ് ബംഗീ ജമ്പിംഗ് നടത്തിയത്. ചാട്ടത്തിനിടെ ശ്വാസതടസമുണ്ടായതാണ് മരണകാരണം. ബംഗീ ജമ്പിംഗ് പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഇദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോണ്ടെ എസ് ജനുവാരിയോ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ യഥാര്‍ഥ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

അന്താരാഷ്ട്ര സാഹസിക കായിക കമ്പനിയായ എജെ ഹാക്കറ്റിന്റെ സ്‌കൈപാര്‍ക്ക് ആണ് മക്കാവു ടവറിലെ ബംഗീ ജമ്പിംഗ് നിയന്ത്രിക്കുന്നത്. 30 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ഈ കമ്പനി 2006-ലാണ് മക്കാവു ഔട്ട്ലെറ്റ് തുറന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബംഗീ ജമ്പിംഗ് പ്ലാറ്റ്‌ഫോമാണ് മക്കാവു ടവര്‍. ചൈനയിലെ തന്നെ 853 അടി ഉയരമുള്ള ഷാങ്ജിയാജി ഗ്ലാസ് ബ്രിഡ്ജ് ആണ് ആദ്യ സ്ഥാനത്തുള്ളത്.

Read Also : സ്വർണ്ണത്തിൽ പൊതിഞ്ഞ് അസാമാന്യ ബാലൻസിൽ നിൽക്കുന്ന കൂറ്റൻ പാറ; സ്ത്രീകൾക്ക് തൊടാൻ അനുവാദമില്ലാത്ത ‘ഗോൾഡൻ റോക്ക്’

ബംഗീ ജമ്പിംഗ് നടത്തുന്നതിന് മുമ്പ് തന്നെ അതിന് തയ്യാറായി എത്തുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. ബിപി, പ്രമേഹം, എന്നിവയൊന്നും ഉള്ളവരെ അല്ലെങ്കില്‍ മുന്‍കാല ശസ്ത്രക്രിയകള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതോ ആയവരെ ഈ സാഹസികത്തിന് അനുവദിക്കില്ല. മാത്രമല്ല ഇതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുകയും ചെയ്യും. 30,000 രൂപയാണ് മക്കാവു ടവറില്‍ ബംഗീ ജമ്പിംഗ്ന് ഈടാക്കുന്നത്.

Story highlights : Tourist died after bungee jump from Macau Tower