ലോകത്തിലെ ഏറ്റവും വലിയ ഏകശില കീഴടക്കാൻ താണ്ടേണ്ടത് എഴുനൂറോളം പടികൾ! മുകളിൽ കാത്തിരിക്കുന്നത് അമ്പരപ്പിക്കുന്ന ദൃശ്യഭംഗി

December 9, 2023

കൊളംബിയയിലെ ഏറ്റവും ആകർഷകമായ ഇടങ്ങളിൽ ഒന്നാണ് ‘റോക്ക് ഓഫ് ഗ്വാട്ടപ്പേ’. 1940 മുതൽ ഇത് കൊളംബിയൻ ദേശീയ സ്മാരകമായി നിലകൊള്ളുകയാണ്. ‘എൽ പെനോളിന്റെ കല്ല്’ എന്നും ഇവിടം അറിയപ്പെടുന്നു. കൊളംബിയയിലെ ഗ്വാട്ടപെ ഗ്രാമത്തിനടുത്തുള്ള എംബാൽസ് തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഏകശിലാ രൂപമാണ് ‘റോക്ക് ഓഫ് ഗ്വാട്ടപ്പേ’. ലോകത്തിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ മോണോലിത്തുകളിൽ ഒന്നാണ് ഗ്വാട്ടപ്പേ പാറ. കാണാനും പര്യവേക്ഷണം ചെയ്യാനും നിരവധി മികച്ച സ്ഥലങ്ങളുള്ള ഒരു അതിശയകരമായ രാജ്യമായ കൊളംബിയയുടെ പ്രധാന ആകർഷണമാണ് ഈ പാറ.

Read also: ‘ഇനി വിഷ്ണുവല്ല, അയൺമാനാണ്’; ട്രയാത്തലോൺ മത്സരത്തിൽ മലയാളിയുടെ മിന്നും പ്രകടനം

എന്നാൽ ഏതാനും നാളുകൾക്ക് മുമ്പവരെ ഇവിടം സന്ദർശന യോഗ്യമായിരുന്നില്ല. കാടുകളിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായുള്ള സായുധ പോരാട്ടം വർഷങ്ങളോളം രാജ്യത്തെ അസ്വസ്ഥമാക്കുകയും വിനോദസഞ്ചാരികളെ അകറ്റി നിർത്തുകയും ചെയ്തിരുന്നു. ഈ കൂറ്റൻ മോണോലിത്ത് പാറയുടെ ഭാരം 66 ദശലക്ഷം ടൺ ആണ്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കവുമുണ്ട്. ഇത് 200 മീറ്റർ ഉയരത്തിലും കാൽനടയായി മാത്രം എത്തിച്ചേരാവുന്ന ഒരു കൊടുമുടിയായും നിലകൊള്ളുന്നു. കുത്തനെയുള്ള അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ പടവുകൾ കയറിവേണം ഈ ചരിത്ര ഇടം സന്ദർശിക്കാൻ.

പാറയ്ക്ക് ഏകദേശം 65 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് തദ്ദേശീയരായ തഹാമി വംശം പാറയെ ആരാധിച്ചിരുന്നതായാണ് നിലനിൽക്കുന്ന വിവരം. 200 മീറ്റർ അല്ലെങ്കിൽ 656 അടി വരെ ഉയരമുള്ള പാറയിൽ സന്ദർശകർക്ക് കയറാം, പക്ഷേ വശത്തായി നിർമ്മിച്ചിരിക്കുന്ന 708 പടികൾ കയറേണ്ടിവരുമെന്നതാണ് ശ്രദ്ധേയം. സമുദ്രനിരപ്പിൽ നിന്ന് 2,135 മീറ്റർ അല്ലെങ്കിൽ 7,005 ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പാറയിൽ സ്വാഭാവിക വിള്ളൽ ഉപയോഗിച്ച് 2006-ലാണ് ഈ കൂറ്റൻ ഗോവണി നിർമ്മിച്ചത്. ഇപ്പോൾ വളഞ്ഞുപുളഞ്ഞ് പോകുന്ന ഒരു പാതയാണ് ഇത്. പ്രതിസന്ധികൾ തരണം ചെയ്ത് ഇവിടെ കയറി എത്തിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ശ്വാസമെടുത്ത് നിന്നുപോകുന്ന തരത്തിലുള്ള കാഴ്ചാവിസ്മയമാണ്.

Story highlights- Rock Of Guatape Colombia’s Most Eye-Catching Monolith