അച്ഛൻ ഉടൻ മരിക്കുന്ന അവസ്ഥയിലെന്ന് യുവാവിന്റെ പോസ്റ്റ്- ഞാൻ അതിന് അനുവദിക്കില്ലെന്ന് സോനു സൂദിന്റെ വാഗ്ദാനം; സഹായവുമായി നടൻ
സിനിമകളിൽ ക്രൂരനായ വില്ലനാണെങ്കിലും ജീവിതത്തിൽ സൂപ്പർഹീറോയാണ് നടൻ സോനു സൂദ്. കാരണം ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മാത്രം നാട്ടിലേക്ക് മടങ്ങിയെത്താനും പുതിയ ജീവിതം ആരംഭിക്കാനും സാധിച്ചവർ നിരവധിയാണ്. കരുണ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങളും താരത്തിന് ലഭിച്ചു. ഇപ്പോഴിതാ, വീണ്ടും സമാനമായ സഹായത്തിലൂടെ കയ്യടി നേടുകയാണ് സോനു സൂദ്.
ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഒരു വൈകാരികമായ പോസ്റ്റ് ആയിരുന്നു ചർച്ചയായിരുന്നത്.പല്ലവ് സിംഗ് എന്ന യുവാവ് തന്റെ പിതാവിന്റെ ആരോഗ്യനില വഷളാകുന്നതിന്റെയും ഡൽഹിയിലെ എയിംസിൽ ഹൃദയശസ്ത്രക്രിയാ അപ്പോയിന്റ്മെന്റ് നേടുന്നതിൽ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെയും ഹൃദയഭേദകമായ കഷ്ടപ്പാടുകൾ പങ്കുവെച്ചുകൊണ്ട് എക്സിൽ സഹായാഭ്യർത്ഥന നടത്തിയിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ സോനു സൂദ് എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു.
ഉത്തർപ്രദേശിലെ ഡിയോറിയയിൽ നിന്നുള്ള പല്ലവിന്റെ പിതാവിന്റെ ഹൃദയം 20 ശതമാനം മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. വിദഗ്ധ സഹായത്തിനായി കുടുംബത്തിന്റെ സമഗ്രമായ പരിശ്രമങ്ങൾ നടത്തിയെങ്കിലും സാമ്പത്തികമായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
‘എന്റെ അച്ഛൻ താമസിയാതെ അല്ലെങ്കിൽ വളരെ വേഗം മരിക്കും. അതെ, ഞാൻ എന്താണ് പറയുന്നതെന്ന് എനിക്കറിയാം. ഡൽഹി എയിംസിലെ ക്യൂവിൽ നിൽക്കുമ്പോഴാണ് ഞാനിത് എഴുതുന്നത്,’ പല്ലവ് ആദ്യ പോസ്റ്റിൽ കുറിച്ചു. “ഞാൻ ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന ഇന്ത്യൻ മധ്യവർഗത്തിൽ നിന്നുള്ളയാളാണ്, ദരിദ്രനായിരിക്കുന്നതിൽ നിന്ന് എന്നെ ഒരു പടി അകറ്റിനിർത്തിയ ബിൽ എനിക്ക് ഒടുവിൽ ലഭിച്ചു. ഒരു ആശുപത്രി ബിൽ. എന്റെ അച്ഛനെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല, ‘അദ്ദേഹം കുറിക്കുന്നു.
നിർണായകമായ ശസ്ത്രക്രിയയ്ക്കായി നീണ്ട കാത്തിരിപ്പിനെ അഭിമുഖീകരിക്കുന്ന പല്ലവ്, സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചെലവ് താങ്ങാനാവാതെ നിൽക്കുന്ന കുടുംബത്തിന്റെ വൈകാരികവും സാമ്പത്തികവുമായ ആഘാതം വിശദമായി പറഞ്ഞു. ‘നിന്റെ അച്ഛനെ ഞങ്ങൾ മരിക്കാൻ അനുവദിക്കില്ല സഹോദരാ’ എന്ന വാഗ്ദാനത്തോടെ നടനും മനുഷ്യസ്നേഹിയുമായ സോനു സൂദിന്റെ പോസ്റ്റ് പിന്നാലെ എത്തുകയായിരുന്നു.
Read also: 2018-ല് വിവാഹ അഭ്യര്ഥന; 5 വര്ഷത്തിനൊടുവില് അതിര്ത്തി കടന്ന് പാക് യുവതി ഇന്ത്യയില്
ബീഹാറിൽ നാലു കാലുകളും നാലു കൈകളുമായി ജനിച്ച പെൺകുട്ടിയ്ക്ക് അടുത്തിടെ സഹായം എത്തിച്ചിരുന്നു നടൻ. ചൗമുഖി കുമാരി എന്ന പെൺകുട്ടി വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരം സൂദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതേസമയം, രാജ്യത്തുടനീളമുള്ള തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ടയാളാണ് സൂദ്. അദ്ദേഹം സൂദ് ചാരിറ്റി ഫൗണ്ടേഷൻ വഴി ധാരാളം നന്മകൾ ചെയ്യുന്നുണ്ട്. ‘അവശ്യ ഉപകരണങ്ങൾ ഉപയോഗിച്ച് അവശത അനുഭവിക്കുന്നവരുടെ ജീവിതത്തെ പരിവർത്തനം ചെയ്യുക, ആരോഗ്യകരവും ഉൽപ്പാദനപരവുമായ ജീവിതം നയിക്കാൻ അവരെ സഹായിക്കുക എന്നതാണ് സൂദ് ചാരിറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം.
Story highlights- sonu sood promises help after man’s post on social media