‘എനിക്ക് ലഭിച്ച 30 വർഷത്തെ ശക്തിയും സ്നേഹവുമാണ് നഷ്ടമായത്’; മുത്തശ്ശിയുടെ വേർപാടിൽ സൗഭാഗ്യ

December 1, 2023

മലയാള സിനിമയുടെ പ്രിയങ്കരിയായ മുത്തശ്ശിയായിരുന്നു വിടപറഞ്ഞ സുബ്ബലക്ഷ്മി അമ്മ.സ്വന്തം കുടുംബത്തിൽ തന്നെ നാലുതലമുറയുടെ സൗഭാഗ്യം ആവോളം കണ്ടാണ് സുബ്ബലക്ഷ്മി വിടപറഞ്ഞത്. സുബ്ബലക്ഷ്മിയും, മകൾ താര കല്യാണും, കൊച്ചുമകൾ സൗഭാഗ്യയും, കൊച്ചുമകളുടെ മകൾ സുധാപൂവും ചേരുമ്പോഴുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മലയാളികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോഴിതാ, മുത്തശ്ശിയുടെ വേര്പാടിനെക്കുറിച്ച് നൊമ്പരക്കുറിപ്പ് പങ്കുവയ്ക്കുകയാണ് സൗഭാഗ്യ.

‘എനിക്ക് അമ്മമയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷം. എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. പ്രാർത്ഥനകൾക്ക് നന്ദി’- സൗഭാഗ്യ കുറിക്കുന്നു. കർണാടക സംഗീതജ്ഞയും ചിത്രകാരിയും കൂടിയായ സുബ്ബലക്ഷ്മി, മലയാള സിനിമയിലെ അവിഭാജ്യഘടകമായിരുന്നു. എപ്പോഴും മുത്തശ്ശി വേഷങ്ങൾ ഗംഭീരമായ ലാഘവത്തോടെയും വൈദഗ്ധ്യത്തോടെയും അവതരിപ്പിച്ചു.

read also: എന്താണ് താജ് മഹലിന്റെ ഭംഗി കെടുത്തുന്ന ആ കറകൾ? സ്‌ഫടിക കൊട്ടാരം വീണ്ടും പച്ചനിറത്തിലേക്ക്

കല്യാണരാമൻ (2002), പാണ്ടിപ്പട (2005), നന്ദനം (2002) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുൾപ്പെടെ മലയാള സിനിമകളിലെ അഭിനയത്തിന് അവർ വളരെയധികം അംഗീകരിക്കപ്പെട്ടു. നിരവധി പരസ്യ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. നടൻ വിജയ്ക്കൊപ്പം തമിഴിൽ അഭിനയിച്ച ബീസ്റ്റ് ആണ് അവസാന ചിത്രം. കല്യാണ രാമനിലെ വേഷമാണ് എപ്പോഴും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി നിലനിൽക്കുന്നത്.

Story highlights- sowbhagya about grandmother subbalakshmi’s demise