മേഘാലയയിലെ വനവാസികൾ ടോർച്ചിന് പകരം ഉപയോഗിക്കുന്ന കൂൺ- ‘പ്രകാശം പരത്തുന്ന കൂൺ’
പ്രകൃതി ഒരു അത്ഭുത കലവറയാണ്. ധാരാളം വിസ്മയങ്ങളും കൗതുക കാഴ്ചകളും അടങ്ങിയ ലോകം. അത്തരമൊരു അത്ഭുതം ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ കണ്ടെത്തിയത്. മേഘാലയയിലെ കാടുകളിൽ കണ്ടെത്തിയ പ്രകാശം പരത്തുന്ന കൂണുകളെ കുറിച്ചാണ് പറയുന്നത്. ബയോലുമിനെസെന്റ് അല്ലെങ്കിൽ ലൈറ്റ് എമിറ്റിംഗ് കൂണുകളാണ് കാട്ടിൽ നിന്നും അന്ന് കണ്ടെത്തിയത്. റോറിഡോമൈസിസ് ഫിലോസ്റ്റാച്ചിഡിസ് എന്ന് പേരിട്ടിരിക്കുന്ന ഈ കൂണുകൾ മേഘാലയയിലെ ഒരു അരുവിക്ക് സമീപവും പിന്നീട് വെസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ ക്രാങ് ഷൂരിയിലും കണ്ടെത്തുകയായിരുന്നു. ലോകത്തെ അറിയപ്പെടുന്ന 97 ഇനം ബയോലുമിനെസെന്റ് ഫംഗസുകളിൽ ഒന്നാണിത്.
വടക്കുകിഴക്കൻ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളുടെ ഫംഗസ് ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായാണ് ഈ പ്രകാശം പരത്തുന്ന കൂണുകൾ വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. എന്തായാലും ശാസ്ത്രലോകം കൂണുകൾ കണ്ടെത്താൻ വൈകിയെങ്കിലും പ്രാദേശിക വാസികൾക്ക് കാലങ്ങളായി ഇവയെക്കുറിച്ച് അറിവുണ്ടായിരുന്നു. മാത്രമല്ല,അവർ രാത്രി യാത്രയ്ക്ക് ടോർച്ചിന് പകരം ഈ കൂണുകളാണ് ഉപയോഗിക്കുന്നത്.
ഒരു ലക്ഷത്തിലധികം കൂണ് വര്‍ഗങ്ങളാണ് ലോകത്ത് ആകെയുള്ളത്. അതിൽ 97 വൈവിധ്യങ്ങൾക്ക് തിളങ്ങാൻ കഴിവുണ്ട്. അതിലൊന്നാണ് മേഘാലയയിലേത്. ചീഞ്ഞു തുടങ്ങിയ മുളകളില്‍ മാത്രമാണ് ഇത്തരം കൂണുകള്‍ വളരുന്നതെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇവയുടെ തണ്ടാണ് പ്രകാശിക്കുന്നത്. ഇന്ത്യയിൽ മുൻപും തിളങ്ങുന്ന കൂൺ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് പഠനങ്ങൾ കൂടുതൽ ഇപ്പോഴും സജീവമാണ്.
Story highlights- The mystery of the glowing mushrooms in Meghalaya