‘2018’ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്; അവസാന റൗണ്ടിലേക്ക് 15 സിനിമകള്‍

December 22, 2023

2024 ഓസ്‌കര്‍ ചുരുക്കപ്പെട്ടികയില്‍ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിര്‍ദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍ വിഷ്വല്‍ എഫക്ട്‌സ് വിഭാഗത്തില്‍ നിന്നും പുറത്തായി. ( Tovino Thomas’s ‘2018’ out from Oscar 2024 race )

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖില്‍ പി ധര്‍മജനും ജൂഡും ചേര്‍ന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയിലാണ് ചിത്രം പുറത്തിറങ്ങിയത്. ബോക്‌സോഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയ ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു.

മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍:

അമേരിക്കാറ്റ്സി (അര്‍മേനിയ), ദി മോങ്ക് ആന്‍ഡ് ദ ഗണ്‍ (ഭൂട്ടാന്‍), ദി പ്രോമിസ്ഡ് ലാന്‍ഡ് (ഡെന്‍മാര്‍ക്ക്), ഫാളന്‍ ലീവ്സ് (ഫിന്‍ലാന്‍ഡ്), ദ ടേസ്റ്റ് ഓഫ് തിങ്സ് (ഫ്രാന്‍സ്), ദ മദര്‍ ഓഫ് ഓള്‍ ലൈസ് (മൊറോക്കോ), സൊസൈറ്റി ഓഫ് ദി സ്‌നോ (സ്‌പെയിന്‍), ഫോര്‍ ഡോട്ടേഴ്‌സ് (ടുണീഷ്യ), 20 ഡേയ്‌സ് ഇന്‍ മരിയുപോള് ( യുക്രെയ്ന്‍), സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ് (യു.കെ), ടീച്ചേഴ്‌സ് ലോഞ്ച് (ജര്‍മനി), ഗോഡ്‌ലാന്‍ഡ് (ഐസ്‌ലന്‍ഡ്), ലോ ക്യാപിറ്റാനോ (ഇറ്റലി), പെര്‍ഫെക്റ്റ് ഡേയ്‌സ് (ജപ്പാന്‍), ടോട്ടം (മെക്‌സിക്കോ).

Read Also : ബലൂണ്‍ ലൈറ്റിങ്ങില്‍ ചിത്രീകരണം; ട്രെന്‍ഡായി ‘പുന്നാര കാട്ടിലേ’ ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍

Story Highlights : Tovino Thomas’s ‘2018’ out from Oscar 2024 race