ബാഡ് സാന്റയും വൈക്കോല്‍ ആടും; ക്രിസ്മസ് കാലത്തെ ചില വ്യത്യസ്ത ആചാരങ്ങൾ..!
ലോകമൊട്ടാകെ ക്രിസ്മസ് ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുല്‍ക്കൂടുകളും എല്ലാമാണ് ക്രിസ്മസ് കാലത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. എന്നാല്‍ ക്രിസ്മസ് നാളുകള്‍ക്കായി പ്രത്യേകം ആചാരങ്ങളും അനുഷ്ടാനങ്ങളും പിന്തുടരുന്ന ഒരുപാട് സ്ഥലങ്ങളുണ്ട് ഭൂമിയില്‍. അത്തരത്തില്‍ തലമുറകളായി നടത്തിവരുന്ന വിചിത്രമായ ചില പാരമ്പര്യങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.. ( Unusual traditions in Christmas celebration )
ക്രിസ്മസിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ജര്‍മനിയിലും ഓസ്ട്രിയയിലും ക്രാമ്പുസ്നാച്ച് ദിനമായിട്ടാണ് ആചരിക്കുന്നത്. ക്രാമ്പസ് എന്നറിയപ്പെടുന്ന പൈശാചിക രൂപം തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ് വികൃതികളായ കുട്ടികളെ ശിക്ഷിക്കുന്ന രാത്രി എന്നതാണ് ഈ ആഘോഷത്തിന് പിന്നിലെ ഐതിഹ്യം. ഇതിനായി പുരുഷന്മാര് ക്രാമ്പസിന്റെ വേഷമണിഞ്ഞ് തെരുവിലറങ്ങും. പൈശാചികരൂപവും ചങ്ങലയുമുള്ള ക്രാമ്പസ് സാന്റാക്ലോസിന്റെ എതിരാളിയായിട്ടാണ് വിശ്വസിക്കുന്നത്.
1966 മുതല്‍ സ്വീഡനിലെ ഗാവ്ലെ പട്ടണത്തില്‍ നടത്തിവരുന്ന ഒരു ആഘോഷമാണ് ഗാവ്ലെ ഗോട്ട്. ടൗണ്‍ സ്ക്വയറില്‍ ഒരു ഭീമാകാരമായ വൈക്കോല്‍ ഉപോയിഗിച്ച് നിര്‍മിച്ച ആടിനെ സ്ഥാപിച്ച് അതിന് തീ ഇടുന്നതാണ് ഈ ആഘോഷം. ക്രിസ്മസിന് മുന്നോടിയായിട്ടാണ് ഈ ആഘോഷം അരങ്ങേറുന്നത്.
സ്പെയിനിലെ കാറ്റലൂണിയ പ്രവിശ്യക്കാരുടെ ആഘോഷവും വളരെ രസകരമാണ്. കറ്റാലന്‍ ക്രിസ്മസ് സംസ്കാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത കഥാപാത്രമാണ് കാഗ ടിയോ. ചായം പൂശിയ മുഖവും ചുവന്ന തൊപ്പിയും ഉള്ള തടികൊണ്ടുള്ള രൂപമാണ് കാഗ ടിയോ. ഡിസംബര്‍ എട്ട് മുതല്‍, കറ്റാലന്‍ കുട്ടികള്‍ കാഗ ടിയോ ഉണ്ടാക്കുകയും ക്രിസ്തുമസ് രാവ് വരെ അത് പരിപാലിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.
ഐസ്ലാന്‍ഡിക് ക്രിസ്മസ് നാടോടിക്കഥകളിലെ പ്രധാന കഥാപാത്രങ്ങളാണ് യൂള്‍ ലാഡ്സ്. ക്രിസ്മസിന് മുമ്പുള്ള കുട്ടികളെ സന്ദര്‍ശിക്കുന്ന 13 വികൃതി കഥാപാത്രങ്ങളാണ് ഇവര്‍. ക്രിസ്മസിന് മുമ്പുള്ള അവസാന 13 രാത്രികളില്‍ അവര്‍ ഓരോരുത്തരായി നഗരത്തിലെത്തുന്നുവെന്നാണ് ഈ കഥകളില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി വീടിന്റെ ജനാലകളില്‍ തൂക്കിയിടുന്ന ഷൂകളില്‍ കുട്ടികള്‍ക്കായുള്ള സമ്മാനങ്ങള്‍ നിക്ഷേപിക്കുന്ന പതിവുമുണ്ട്.
Story highlights : Unusual traditions in Christmas celebration