‘സ്നേഹത്തിന് ഒരു മുഖമുണ്ടെങ്കിൽ..’- പ്രണയചിത്രങ്ങളുമായി വിഘ്‌നേഷും നയൻതാരയും
തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ നയൻതാരയും വിഘ്നേഷ് ശിവനും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വിഘ്നേഷ് ശിവനിലൂടെയാണ് നയൻതാരയുടെയും വിശേഷങ്ങൾ ആളുകളിലേക്ക് എത്തിയിരുന്നത്. അടുത്തിടെ നയൻതാര ഇൻസ്റാഗ്രാമിലും തുടക്കം കുറിച്ചു .ഈ താര ദമ്പതികൾ 2022 ജൂണിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹിതരായിരുന്നു. പിന്നീട് ഒക്ടോബറിൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നു. കുഞ്ഞുങ്ങളുടെ വിശേഷവും താരദമ്പതികൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, നയൻതാരക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് വിഘ്‌നേഷ് ശിവൻ.
സ്നേഹത്തിന് ഒരു മുഖമുണ്ടെങ്കിൽ എന്ന ക്യാപ്ഷനൊപ്പമാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നയൻതാരയും ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു പൂജ ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
നയൻതാരയും വിഘ്നേഷ് ശിവനും ഏതാനും വർഷങ്ങൾ പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായത്. വാടക ഗർഭധാരണത്തിലൂടെയാണ് അവർ കുട്ടികളെ സ്വീകരിച്ചത്. അതേസമയം, ഷാരൂഖ് ഖാനൊപ്പം ജവാനിലാണ് താരം ഒടുവിൽ വേഷമിട്ടത്. ആറ്റ്‌ലി സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ സിനിമയിൽ പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2023 അവസാനിക്കുമ്പോൾ ധാരാളം പുതിയ തുടക്കങ്ങൾക്ക് തിരികൊളുത്തിയിരുന്നു നടി നയൻതാര. ഇൻസ്റ്റാഗ്രാമിൽ പേജ് ആരംഭിച്ചു, സ്കിൻ കെയർ പ്രൊഡക്ട്സിനായി ഒരു ബ്രാൻഡ്, സാനിറ്ററി നാപ്കിന് വേണ്ടി ഒരു ബ്രാൻഡ് എന്നിങ്ങനെ നീളുന്നു തുടക്കങ്ങൾ. സംവിധാനത്തിലും ചുവടുറപ്പിക്കുന്നുവെന്ന സൂചന നൽകിയിരിക്കുകയാണ് നടി. കഴിഞ്ഞദിവസം മേക്കിങ് ഓഫ് സിനിമ എന്ന പേരിൽ അണിയറയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരുന്നു.
Story highlights- vighnesh sivan shares cute photos with nayanthara