തിരക്കില്ലാത്ത ലളിതമായ ജീവിതം ആഗ്രഹിക്കുന്നവരാണോ? ശീലമാക്കാം ഈ രീതികൾ
ആധുനിക ജീവിതം തിരക്കുള്ളതും സങ്കീർണ്ണവുമാണ്. എന്നാൽ ഈ തിരക്കുകളിൽ നമ്മൾ കൂടുതൽ സന്തുഷ്ടരാണെന്നോ സംതൃപ്തരാണെന്നോ അർത്ഥമില്ല. എല്ലാവര്ക്കും എപ്പോഴെങ്കിലും തിരക്കിൽ നിന്നുമാറി ലളിതമായ ജീവിതശൈലി പിന്തുടരണം എന്ന ആഗ്രഹമുണ്ടാകും. ജീവിതം കൂടുതൽ എളുപ്പവും ലളിതവുമാകാം ആഗ്രഹിക്കുന്നെങ്കിൽ ചില ശീലങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ദൈനംദിന ജീവിതത്തിൽ സമ്മർദ്ദം ഒഴിവാക്കാനും സ്വയം സമയംകണ്ടെത്താനുമായി ഇതാ ഈ മാർഗങ്ങൾ പിന്തുടരാം.
നമ്മൾ ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ പലരും കുടുംബം, ജോലി, തിരക്കുള്ള ഷെഡ്യൂൾ, അടയ്ക്കാനുള്ള ബില്ലുകൾ, ചെയ്യേണ്ട കാര്യങ്ങളുടെ ദൈനംദിന ലിസ്റ്റ് എന്നിവയൊക്കെ ഓർത്ത് വല്ലാത്ത വീർപ്പുമുട്ടലിൽ ആയിരിക്കും. എങ്ങനെ ഇതിനിടയിൽ ഒരു ലളിത ജീവിതം സ്വസ്ഥതയോടെ നയിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല, എന്നാൽ ഇത് സാധ്യമാണ്.
എല്ലാ കാര്യങ്ങളിലും ഒരു ചിട്ട ആദ്യം തന്നെ ആവശ്യമാണ്. ഒരാഴ്ചയിലേക്കുള്ള ഭക്ഷണ കലണ്ടർ തയ്യാറാക്കുക. കുടുംബത്തിലെ എല്ലാവർക്കും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയുൾപ്പെടെ അതിനെ അടിസ്ഥാനമാക്കി ലളിതമായ ഭക്ഷണ-പദ്ധതി തയ്യാറാക്കുക. ഏത് ഭക്ഷണമാണ് ഓരോദിവസവും പാചകം ചെയ്യേണ്ടതെന്ന് തീരുമാനിക്കുക. അതിനനുസരിച്ച് ആവശ്യമുള്ള സാധനങ്ങൾ ലിസ്റ്റ് എഴുതി തയ്യറാക്കി മാത്രം വാങ്ങുക.
അടുത്തത് വീടിന്റെ വൃത്തിയാണ്. എല്ലാവർക്കും സ്വസ്ഥമായി ഇരിക്കാൻ ആഗ്രഹമുള്ള ഒരിടമാണ് വീട്. അത് അലങ്കോലമോ വൃത്തിഹീനമോ ആണെങ്കിൽ നിങ്ങളുടെ സമയത്തിന് ഒരു ഭാരമാകാനും സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ട്. അതിനാൽ ഒന്നിച്ച് വൃത്തിയാക്കാനുള്ള അവസരമൊരുക്കാതെ ദിവസേന വീട് വൃത്തിയാക്കുക. അതിനായി സമയം കണ്ടെത്തുക. അങ്ങനെ സാധിക്കുന്നില്ലെങ്കിൽ ചപ്പുചവറുകൾ കുമിഞ്ഞ് കൂടാതിരിക്കാൻ ശ്രമിക്കുക.
എപ്പോഴും തിരക്കായിരിക്കാതെ സ്വസ്ഥമായിരിക്കാൻ സാധിക്കുമ്പോൾ തന്നെ ജീവിതം മാറും. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ ‘നോ’ പറയാൻ പഠിക്കുക. അതായത് വീട്ടിലിരിക്കാനുള്ള സമയം നിര്ബന്ധമായി പുറത്തുപോകുക എന്നത് ഒഴിവാക്കുക.
ഓരോ മാസവും എത്രമാത്രം ചെലവഴിക്കുന്നു എന്നതിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇതിലൂടെ സാമ്പത്തികചിലവ് ലളിതമാക്കാൻ സാധിക്കും. ഒരു ശാന്തമായ സമയം തിരഞ്ഞെടുത്ത് ഓരോ മാസത്തേയും നിങ്ങളുടെ വരുമാനവും ചിലവും പരിശോധിക്കുക. രാവിലെ അൽപ്പം നേരത്തെ എഴുന്നേൽക്കുന്നത് സ്വസ്ഥമായ ഒരു തുടക്കത്തിന് വളരെയധികം സഹായിക്കും. പുസ്തകം വായിക്കുന്നതിനോ സമാധാനത്തോടെ ചായ ആസ്വദിക്കുന്നതിനോ ഈ സമയം ഉപയോഗിക്കാം. അതിനാൽ തന്നെ നിങ്ങളുടേതായ ലളിതമായ ഒരു പ്രഭാത ദിനചര്യ സൃഷ്ടിക്കുക.
Story highlights- ways to simplify your life