‘ഇഷ്ടഭക്ഷണം ബേബി പൗഡർ’; അസാധാരണമായ ശീലങ്ങളുള്ള യുവതി!

December 8, 2023

വേറിട്ട ഇഷ്ടാനിഷ്ടങ്ങളുള്ളവരാണ് നമ്മളിൽ പലരും. ഒരാളുടെ ഇഷ്ടം മറ്റൊരാൾക്ക് പ്രിയമുള്ളതാകണമെന്നില്ല. എന്നാൽ ആരെയും അമ്പരിപ്പിക്കുന്ന വേറിട്ട താല്പര്യങ്ങളുള്ള ഒരു സ്ത്രീയെ പരിചയപ്പെടാം. അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണ വിഭവം എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ അതിശയിക്കും എന്ന് തീർച്ച. (Woman who loves eating baby powder more than anything)

ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ താമസിക്കുന്ന ഡ്രെക മാർട്ടിൻ എന്ന യുവതിക്കാണ് അസാധാരണമായ ഒരു വസ്തുവിനോട് അടങ്ങാത്ത ഇഷ്ടമുള്ളത്. ഡ്രെകയ്ക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ളത് ‘ജോൺസൺസ് ബേബി’ പൗഡറാണ്. ഈ വർഷം 4,000 ഡോളറാണ് ഡ്രെക പൗഡറിനായി മാത്രം ചിലവഴിച്ചത്.

ആദ്യമൊക്കെ കുട്ടികളെ കുളിപ്പിച്ചതിന് ശേഷം പൗഡറിന്റെ മണം ഡ്രെക ആസ്വദിക്കുമായിരുന്നു. പതിയെ അത് കഴിക്കാനുള്ള ആർത്തി തോന്നി തുടങ്ങുകയായിരുന്നു. ഒടുവിൽ നിർത്താൻ കഴിയാത്ത വിധം ഈ പൗഡറിനോട് ഒരു ആസക്തി അവർക്ക് തോന്നി തുടങ്ങി. ദിവസേന 623 ഗ്രാം (22 ഔൺസ്) കുപ്പി ജോൺസൺസ് ബേബി പൗഡർ വരെ കഴിക്കാറുണ്ടെന്ന് ഡ്രെക പറയുന്നു. ഈ ശീലം നിർത്തുന്നതിനുപകരം സാധാരണ ഭക്ഷണം ഉപേക്ഷിക്കാൻ വരെ താൻ തയ്യാറാണെന്നും അവർ പറയുന്നു. പൗഡർ വായിൽ അലിഞ്ഞു പോകുന്നത് കൊണ്ടാണ് തനിക്ക് അതിനോട് ഏറെ ഇഷ്ടമെന്ന് ഡ്രെക പറയുന്നു.

Read also: ഭിത്തി കണ്ടാൽ തുരന്നു തിന്നും, വീട്ടിൽ നിറയെ വലിയ ദ്വാരങ്ങൾ; വിചിത്ര ശീലവുമായി യുവതി

പുറമേയുള്ള ഉപയോഗത്തിന് മാത്രം തയ്യാറാക്കിയിട്ടുള്ളതാണ് ഇത്തരം പൗഡറുകൾ. അവ ഒരിക്കലും ഭക്ഷ്യയോഗ്യമല്ല. എന്നാൽ തനിക്ക് ഒരിക്കലും ആരോഗ്യപ്രശ്നങ്ങളോ ദഹനപ്രശ്നങ്ങളോ അനുഭവപ്പെട്ടിട്ടില്ലെന്ന് ഡ്രെക അവകാശപ്പെടുന്നു. ചോക്ക്, പെയിന്റ് പോലുള്ള വസ്തുക്കൾ കഴിക്കാൻ തോന്നുന്നിപ്പിക്കുന്ന ‘പിക്ക’ എന്ന രോഗാവസ്ഥയാണ് ഡ്രെകയ്ക്കുള്ളത്.

ഡ്രെകയുടെ വാക്കുകൾ ഇങ്ങനെ, “ഞാൻ നിർത്താൻ ശ്രമിക്കുന്ന ഒരു ആസക്തിയാണിത്. പക്ഷേ എനിക്കത് കഴിയില്ല. ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. യഥാർത്ഥ ഭക്ഷണവും ബേബി പൗഡറും ഒന്നിച്ചു തന്നാൽ, ഞാൻ ബേബി പൗഡർ തിരഞ്ഞെടുക്കും. എന്റെ അവസാന ഡോളർ വരെ ഞാൻ ഇതിന് ചെലവഴിക്കും. കാരണം എനിക്ക് ഇത് വളരെ ആവശ്യമാണ്. ഞാൻ യാത്ര ചെയ്യുകയാണെങ്കിൽ, എനിക്ക് എപ്പോഴും ബേബി പൗഡർ ആവശ്യമാണ്. രാജ്യം വിട്ട് പുറത്തേക്ക് പോകുകയാണെങ്കിൽ, അവിടെ ജോൺസൺസ് ബേബി ലഭ്യമല്ലാത്തതിനാൽ കുറഞ്ഞത് മൂന്ന് കുപ്പികളെങ്കിലും പായ്ക്ക് ചെയ്ത് കൊണ്ട് പോകാറുണ്ട്”

മകൻ തന്റെ പെരുമാറ്റം അനുകരിക്കുമെന്ന ആശങ്ക ഉണ്ടെങ്കിൽ പോലും ബേബി പൗഡറിന്റെ ഉപയോഗം ഉടൻ നിർത്താൻ തനിക്ക് പദ്ധതിയില്ലെന്ന് ഡ്രെക ഉറപ്പിച്ചു പറയുന്നു.

Story highlights: Woman who loves eating baby powder more than anything