“14 വർഷമായി അത്താഴം കഴിച്ചിട്ട്”; ആരോഗ്യ രഹസ്യം വെളിപ്പെടുത്തി മനോജ് ബാജ്‌പേയ്!

January 10, 2024

ബിഹാറിൽ ജനിച്ച് സിനിമയെ മോഹിച്ച് തന്റ്റെ കഠിനാദ്ധ്വാനം കൊണ്ട് മാത്രം ബോളിവുഡ് ലോകത്ത് തന്റെ സ്ഥാനമുറപ്പിച്ച നടനാണ് മനോജ് ബാജ്പേയ്. ഹിന്ദി സിനിമയ്ക്ക് പുറമെ തെലുഗു, തമിഴ് ഭാഷകളിലും മനോജ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ താരം തന്റെ ഭക്ഷണ ശീലങ്ങളെ കുറിച്ചും ആരോഗ്യ രഹസ്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയതാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. (Actor Manoj Bajpayee about his fitness secrets)

14 വർഷങ്ങളായി താൻ അത്താഴം കഴിക്കാറില്ലെന്ന് മനോജ് തുറന്നു പറയുന്നു. അമിത ഭാരത്തിന്റെയും അസുഖങ്ങളുടെയും കാര്യത്തിൽ ഏറ്റവും വലിയ ഭീഷണി ഭക്ഷണമാണെന്നാണ് അദ്ദേഹം പറയുന്നത്. അത്താഴം കഴിക്കുന്നത് നിർത്തിയാൽ തന്നെ ഒഴിവാക്കാൻ കഴിയുന്ന നിരവധി രോഗങ്ങൾ ഉണ്ടെന്ന് മനോജ് പറയുന്നു.

തനിക്ക് ഭക്ഷണം ഏറെ ഇഷ്ടമായതിനാൽ തന്നെയാണ് ഭക്ഷണം കഴിക്കുന്നത് കുറച്ചതെന്നും മനോജ്. കാരണം, ചോറും റൊട്ടിയും പ്രിയപ്പെട്ട വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉൾപ്പടെ മികച്ചൊരു ഉച്ചഭക്ഷണം എന്നും കഴിക്കാറുണ്ട്. അമിത വണ്ണത്തിലേക്ക് പോകാതെ ശരീരഭാരം ആരോഗ്യത്തോടെ നിലനിർത്താൻ ഇത് തന്നെ ഏറെ സഹായിച്ചെന്ന് അദ്ദേഹം പറയുന്നു.

Read also: ‘നീ ഹൃദയമിടിപ്പായത് മുതല്‍ ഇന്നുവരെ’; ഹൃത്വിക് റോഷന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അമ്മ

വ്യായാമത്തിനും താൻ വളരെയധികം പ്രാധാന്യം നൽകാറുണ്ടെന്നും താരം പറഞ്ഞു. “ഞാൻ യോഗയും ധ്യാനവും ചെയ്യുന്നു. നിങ്ങളുടെ മാനസികാരോഗ്യം വളരെ പ്രധാനമാണ്, മസിലുകൾ ഉണ്ടാക്കുക എന്നതല്ല പ്രധാന കാര്യം”. ഒരു പ്രത്യേക ശരീരാകൃതി ഉണ്ടാക്കിയെടുക്കാൻ വേണ്ടിയല്ല താൻ ഇതൊക്കെ ശീലമാക്കിയതെന്നും മനോജ് കൂട്ടിച്ചേർത്തു.

മുത്തച്ഛന്റെ പാത പിന്തുടരാൻ തുടങ്ങിയ ശേഷമാണ് താൻ ഈ ജീവിതശൈലിയിലേക്ക് എത്തിയതെന്ന് മനോജ് പറഞ്ഞു. മുത്തച്ഛൻ ഏറെ ആരോഗ്യവാനാണെന്ന് മനസിലാക്കിയ മനോജ് അദ്ദേഹത്തിന്റ ഭക്ഷണ ക്രമം പിന്തുടരാൻ തുടങ്ങി. അത് ചെയ്യാൻ തുടങ്ങിയപ്പോൾ, മനോജിന്റെ ഭാരം നിയന്ത്രണത്തിലാകുകയും കൂടുതൽ ഊർജസ്വലനും ആരോഗ്യവാനുമായി തോന്നാനും തുടങ്ങി. അതോടെ, ഈ ജീവിത ശൈലിയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

തന്റെ പുതിയ നെറ്റ്ഫ്ലിക്സ് സീരീസായ കില്ലർ സൂപ്പിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മനോജ്.

Story highlights: Actor Manoj Bajpayee about his fitness secrets