ഈ ജോലികളിൽ നിർമിത ബുദ്ധിക്ക് കടന്നുകയറാനാകില്ല- ഫോബ്സ്
ഡിജിറ്റല്‍ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ. ഈ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തോടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ ഭാവി തന്നെ തുലാസിലാണ്. എഐ സാങ്കേതിക വിദ്യ കളംപിടിച്ചതോടെ ലോകത്തിലെ നിരവധി വന്‍കിട കമ്പനികളാണ് ജോലിക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചത്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ക്കാണ് ഗൂഗിള്‍, എക്സ്, ആമസോണ്‍ അടക്കമുള്ള ടെക് കമ്പനികളിലെ ജോലി നഷ്ടമായത്. എന്നാല്‍ നിര്‍മിത ബുദ്ധിക്ക് പൂര്‍ണമായും നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയാത്ത എന്നാല്‍ എഐയുടെ സഹായത്തടെ കൂടുതല്‍ മികച്ചതാക്കാന്‍ കഴിയുന്ന ജോലികളുണ്ട്. ഈ ജോലികളെല്ലാം മനുഷ്യന്റെ സര്ഗ്ഗത്മകത, മാനവികത, യുക്തിപരമായ ചിന്തകളിലൂടെ തീരുമാനങ്ങള്‍ എടുക്കുക തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. അത്തരത്തില്‍ നിര്‍മിത ബുദ്ധി പകരംവയ്ക്കാനോ പരിക്കേല്പിക്കാനോ കഴിയാത്ത കുറച്ച് തൊഴില്‍ മേഖലകളെ ചൂണ്ടിക്കാണിക്കുകയാണ് പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്സ്. ( ( AI just can’t do this jobs Forbes )
ലീഡർഷിപ്പ് ജോലികൾ: ദാർശനികത, യുക്തിപരമായി ചിന്തിച്ച ശേഷം തീരുമാനമെടുക്കൽ, പ്രചോദനം നൽകുക, മികച്ച ടീമിനെ സൃഷ്ടിക്കാനുള്ള കഴിവ്, മൂല്യാധിഷ്ടിതമായ ഒരു സംവിധാനം വികസിപ്പിക്കൽ തുടങ്ങി ഒരു ലീഡർക്കുവേണ്ട കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ നിർമിത ബുദ്ധിക്ക് പരിമിതിയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ക്രിയേറ്റിവ് പ്രൊഫഷനലുകൾ: സംഗീതജ്ഞർ, എഴുത്തുകാർ തുടങ്ങി മനുഷ്യ സർഗാത്മകതയുമായി ബന്ധപ്പെട്ടിരിക്കുന്ന ജോലികളിൽ പൂർണമായിട്ടും നിർവഹിക്കാൻ നിർമിത ബുദ്ധിക്ക് കൈകടത്താനാകില്ല.
സർഗാത്മകമായ പ്രശ്ന പരിഹാരങ്ങൾ: നവീനവും സങ്കീർണവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ജോലികൾക്ക് വിമർശനാത്മകത, വിശകലന ബുദ്ധി, സർഗാത്മകത തുടങ്ങിയവ കഴിവുകൾ ആവശ്യമാണ്. ഡാറ്റ വിശകലനത്തിന് സാധിക്കുമെങ്കിലും കൃത്യമായ രീതിയിൽ തീരുമാനങ്ങളെടുക്കാൻ നിർമിത ബുദ്ധി വെല്ലുവിളി നേരിടുന്നുണ്ട്.
ആരോഗ്യ മേഖല: രോഗനിർണയത്തിലും ചികിത്സ രീതികകളുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകാനുകുമെങ്കിലും ആരോഗ്യരംഗത്തെ മാനുഷിക വശങ്ങളായ വൈദ്യശാസ്ത്രപരമായ അറിവ്, മെഡിക്കൽ സംബന്ധമായ അവസാന തീരുമാനങ്ങളെടുക്കുക, സഹാനുഭൂതി തുടങ്ങിയവക്ക് പകരമാവാൻ നിർമിത ബുദ്ധിക്ക് ഒരിക്കലും സാധ്യമാകില്ല.
ഗവേഷണവും വികസനവും: ശാസ്ത്രീയ ഗവേഷണത്തിലും അതിൻ്റെ തുടർന്നുള്ള കണ്ടുപിടുത്തങ്ങളിലും എപ്പോഴും അജ്ഞാതമായ, ജിജ്ഞാസ, അനുമാനങ്ങളും ഊഹങ്ങളും രൂപപ്പെടുത്തൽ, നിരന്തരമായ പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു, ഇവയെല്ലാം മനുഷ്യൻ്റെ സർഗ്ഗാത്മകതയെയും ഉൾക്കാഴ്ചയെയും ആശ്രയിച്ചാണ്. ഇത്തരം ഗവേഷണങ്ങളിൽ സഹായിക്കാനുകും എന്നല്ലാതെ എഐ പകരക്കാരനാകില്ല.
തെറാപ്പിസ്റ്റ്, കൗൺസലർ: വൈകാരിക പിന്തുണ, തെറാപ്പി, കൗൺസലിങ് എന്നിവയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മാനുഷിക ബന്ധവും സഹാനുഭൂതിയും. ഇവ കൈകാര്യം ചെയ്യാനുള്ള വൈകാരിക ബുദ്ധി നിർമിത ബുദ്ധിക്കില്ല.
സോഷ്യൽ വർക്ക്: വൈവിധ്യമാർന്നതും പ്രവചനാതീതവുമായ മനുഷ്യ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ വൈകാരിക ബുദ്ധിയും ധാർമികതയുമാണ് ഒരു നല്ല സാമൂഹിക പ്രവർത്തകന്റെ സവിശേഷത. എന്നാൽ ഇങ്ങനെ പെരുമാറുന്നതിനും എ.ഐക്ക് സാധ്യമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
പരിചാരക ജോലി: രോഗികളായവരെയും പ്രായമായവരെയുമല്ലാം പരിചരിക്കുക എന്നത് നിർമിത ബുദ്ധിക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണ്. ഇത്തരത്തിലുള്ള സഹാനുഭൂതിയും ക്ഷമയോടുംകൂടി പരിചരണം നൽകാൻ മാനുഷിക ഗുണങ്ങൾ തന്നെ വേണം.
അധ്യാപനം: വ്യക്തിഗത പഠനം, കോച്ചിംഗ്, ഓട്ടോമേറ്റഡ് ഗ്രേഡിങ് എന്നി മേഖലകളിലെ നൂതനമായ ഡാറ്റകളുടെ സഹായത്തോടെ വിദ്യഭ്യാസം എളുപ്പമാക്കാം. എന്നാൽ വിദ്യാഭ്യാസത്തിന്റെ മറ്റു വശങ്ങളായ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും വിദ്യാർഥിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി മാർഗനിർദേശങ്ങൾ നൽകാനും കഴിയുന്നവർക്കാണ് അധ്യാപനത്തിൽ മുന്നോട്ടുപോകാൻ കഴിയുക. ഇതിൽ എ.ഐയുടെ പങ്ക് വളരെ പരിമിതമാണ്.
നൈപുണ്യ ജോലികൾ: ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ, കരകൗശല വിദഗ്ധർ തുടങ്ങിയ ജോലികൾക്കും എ.ഐ വെല്ലുവിളിയാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
Story highlights : AI just can’t do this jobs Forbes