‘ചുമന്ന് മടുത്തു, ഭാരമുള്ള സാധനങ്ങള്‍ ഓര്‍ഡർ ചെയ്യല്ലെ’ ; വീഡിയോ പങ്കുവച്ച ആമസോൺ ജീവനക്കാരന്റെ പണി പോയി

January 20, 2024

വിത്യസ്ത കാരണങ്ങളാല്‍ ജോലിക്കാരെ കൂട്ടമായി പിരിച്ചുവിടുന്ന പതിവ് വാര്‍ത്തയാണ്. എന്നാല്‍ ടിക് ടോക്കില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവാവ്. ആമസോണ്‍ ജീവനക്കാരനായ കെന്‍ഡാലിനാണ് അപ്രതീക്ഷിതമായി ‘പണി’ കിട്ടിയത്. ഭാരമുള്ള സാധനങ്ങള്‍ അടങ്ങിയ ബോക്‌സുകള്‍ ചുമന്ന് മടുത്തുവെന്ന് തമാശരൂപേണ പറയുന്ന വീഡിയോ പങ്കുവച്ചതോടെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ( Amazon Employee Fired After TikTok video )

കഴിഞ്ഞ മാസമാണ് യുവാവ് ഈ വീഡിയോ പങ്കുവച്ചത്. തുടര്‍ന്ന് സംഭവം വിവാദമായതോടെ തന്നെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിടുകയായിരുന്നുവെന്ന് ഈ ജീവനക്കാരന്‍ തന്നെ സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ട മറ്റൊരു വീഡിയോയിലുടെ അറിയിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തോളം ആമസോണ്‍ വെയര്‍ ഹൗസില്‍ ജോലി ചെയ്തയാള്‍ കൂടിയാണ് കെന്‍ഡാല്‍.

‘നാലാഴ്ച മുമ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, തുടര്‍ച്ചയായി ഭാരമുള്ള സാധനങ്ങള്‍ അടങ്ങിയ പെട്ടികള്‍ ചുമക്കുന്നതിനാല്‍ ക്ഷീണിച്ചുവെന്നും ഇനി എല്ലാവരും ആമസോണില്‍ നിന്നും വലിയ സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തണമെന്നും പറഞ്ഞിരുന്നു. വീഡിയോ കണ്ടവരിലും വലിയൊരു വിഭാഗമാളുകളും തമാശരൂപേണ കണ്ടുവെങ്കിലും മറ്റൊരു വിഭാഗത്തിന് അത് ഉള്‍ക്കൊള്ളാനായില്ലെന്നതാണ് സത്യം. ഇതോടെയാണ് സംഭവം വിവാദമായത. ഞാന്‍ ഒരു അതിശയോക്തി പങ്കുവച്ചതാണെങ്കിലും, പലര്‍ക്കും മനോവിഷമമുണ്ടാക്കി. ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഏതായാലും ഇതിനോടകം തന്നെ തിരിച്ചെടുക്കാനാവാത്ത വിധം എന്റെ ജോലി നഷ്ടമായി. എല്ലാവരും എന്നോട് ക്ഷമിക്കണം’- മറ്റൊരു വീഡിയോയിലുടെ കെന്‍ഡല്‍ പറഞ്ഞു.

Read Also : എനർജി ഡ്രിങ്കുകൾ ഇഷ്ടമാണോ..? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഇതിന് പിന്നാലെ ആമസോണ്‍ വെയര്‍ഹൗസില്‍ ജോലി ചെയ്യുന്ന സമയത്ത് അനാവശ്യ ഓര്‍ഡറുകളെക്കുറിച്ച് പരാതിപ്പെടുന്ന കെന്‍ഡലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുടിവെള്ള കുപ്പികളും വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണവുമെല്ലാം വാങ്ങുന്നവരെ കളിയാക്കുന്ന തരത്തിലാണ് സംസാരം. ഇത്തരത്തില്‍ വെള്ളം ഓര്‍ഡര്‍ ചെയ്യുന്നവര്‍ അത് കിട്ടുന്നത് വരെ വെള്ളം കുടിക്കാതിരിക്കുമോ..? സാധാരണ ചെയ്യുന്നത് പോലെ പുറത്തുപോയി വെള്ളം വാങ്ങിക്കൂടെ എന്ന തരത്തിലാണ് യുവാവിന്റെ സംസാരം.

Story highlights : Amazon Employee Fired After TikTok video