‘ഇനി നിങ്ങൾ പറയും, ടോയ്ലറ്റ് കേൾക്കും’; 1.77 ലക്ഷം രൂപയുടെ സ്മാർട്ട് ടോയ്ലറ്റ് സീറ്റ് വിപണിയിൽ!
ഓരോ ദിവസവും സാങ്കേതിക വിദ്യ വളർന്നുകൊണ്ടിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിലെ പല മേഖലകളിലും അവയുടെ സ്വാധീനം കാണാം. 5 കൊല്ലങ്ങൾ മുൻപ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത എത്രയെത്ര മാറ്റങ്ങളാണ് ഇന്ന് നമ്മുടെ വീട്ടുമുറ്റം മുതൽ അടുക്കള വരെ നീണ്ടുകിടക്കുന്നത്. ജീവിതം സുഗമമാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ മനുഷ്യൻ ഏത് കാലത്തും തയ്യാറാണെന്നതും വാസ്തവം. അതിനുള്ള ഉത്തമ ഉദാഹരണമാണ് അമേരിക്കന് മാനുഫാക്ചറിങ്ങ് കമ്പനിയായ കോലെര് (Kohler) അവതരിപ്പിച്ച പുതുപുത്തൻ ടോയ്ലറ്റ് സീറ്റ്. (American market introduces smart toilet seat with voice sensor)
വെറും ടോയ്ലറ്റ് സീറ്റ് എന്ന് പറയാൻ കഴിയില്ല, ഇത് സ്മാർട്ട് ടോയ്ലറ്റ് സീറ്റാണ്. ‘ദി പ്യുവർവാഷ് ഇ930’ എന്ന് പേരുള്ള ടോയ്ലറ്റ് സീറ്റിന് 1,77,000 രൂപ വില വരും. ഏത് ടോയ്ലറ്റ് സീറ്റിനൊപ്പവും ഘടിപ്പിക്കാവുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. നമ്മൾ കൊടുക്കുന്ന വോയിസ് കമാൻഡ് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
കൈകളുടെ പ്രവർത്തനം പൂർണമായും ഒഴിവാക്കി യാതൊരു ഫിസിക്കൽ ടച്ചുമില്ലാതെ തനിയെ ടോയ്ലറ്റ് സീറ്റ് തുറക്കുകയും അടയുകയും ചെയ്യും. ഇൻബിൽറ്റായുള്ള മോഷൻ സെൻസറുകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ബിൽറ്റ്-ഇൻ യുവി ലൈറ്റുകളുടെ സഹായത്തോടെ ഉപയോഗ ശേഷം ടോയ്ലറ്റ് സ്വയം വൃത്തിയാക്കുകയും ചെയ്യും. സീറ്റ് ഓണാക്കുന്നതിനും ഓഫ് ചെയ്യുന്നതിനും ഡ്രയർ പ്രവർത്തിപ്പിക്കാനുമെല്ലാം നിർദ്ദേശങ്ങൾ നൽകിയാൽ മാത്രം മതി.
Read also: 421 കിലോമീറ്റർ റേഞ്ച്; വില 10.99 ലക്ഷം രൂപ മുതൽ; ഇലക്ട്രിക് വാഹനവിപണിയില് ടാറ്റയുടെ ‘പഞ്ച്
വെള്ളത്തിന്റെ പ്രഷർ, താപനില എന്നിവ ക്രമീകരിക്കാനും ഇതിനുള്ളിൽ സംവിധാനമുണ്ട്. സീറ്റ് അടക്കുമ്പോഴും തുറക്കുമ്പോഴും ശബ്ദം ഉണ്ടാകാതിരിക്കാൻ ‘ക്വയറ്റ് ക്ലോസ്’ സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ശബ്ദത്തിലൂടെ നിർദ്ദേശങ്ങൾ കൊടുക്കാൻ മടിയുള്ളവർക്ക് റിമോട്ട് കൺട്രോൾ സൗകര്യവുമുണ്ട്.
രാത്രി സമയത്തെ ഉപയോഗത്തിനായി എൽഇഡി വെളിച്ചവും ടോയ്ലറ്റ് സീറ്റിൽ സജ്ജമാണ്. കുട്ടികൾക്കായി ‘ചൈൽഡ് ലോക്ക്’ സംവിധാനവും ലഭ്യമാണ്. അമേരിക്കയിൽ ഉള്ളവർക്ക് ഡിസ്കൗണ്ടിൽ ഈ ടോയ്ലറ്റ് സീറ്റ് ഇപ്പോൾ ലഭ്യമാണ്. വില കൂടുതലാണെങ്കിലും സാധാരണ ടോയ്ലറ്റുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട വൃത്തിയും സൗകര്യങ്ങളും ഈ സ്മാർട്ട് ടോയ്ലറ്റ് സീറ്റ് നൽകുന്നു.
Story highlights: American market introduces smart toilet seat with voice sensor