മുഖക്കുരു മുതൽ ചുവന്ന തടിപ്പുകൾ വരെ; ഈ ലക്ഷണങ്ങൾ ചില രോഗങ്ങളുടെയും സൂചനയാകാം..
കൗമാര പ്രായം മുതൽ എല്ലാ സ്ത്രീപുരുഷന്മാരുടെയും ഏറ്റവും വലിയ ആശങ്കയാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനംകൊണ്ടും ആഹാര രീതികൊണ്ടുമെല്ലാം ഉണ്ടാകുന്ന മുഖക്കുരു പലർക്കും ഒരു ഭീകര സൗന്ദര്യ പ്രശ്നമാണ്. പലരെയും അന്തർമുഖരാക്കുന്നതിൽ മുഖക്കുരു ഒരു പ്രധാന ഘടകമാണ്. 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെയാണ് മുഖക്കുരു കൂടുതലായും ബാധിക്കുന്നത്. എന്നാൽ അതൊരു സാധാരണ സൗന്ദര്യ പ്രശ്നം എന്നതിലുപരി ചിലപ്പോൾ എന്തെങ്കിലും ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനകളുമാകാം. അതുപോലെ, നിരവധി ലക്ഷണങ്ങൾ മുഖം നൽകാറുണ്ട്. മുഖം മനസിന്റെ കണ്ണാടി എന്നുപറയുന്നതുപോലെ നിങ്ങളുടെ ആരോഗ്യം മോശമായാൽ ശരീരം മുഖത്ത് നൽകുന്ന ചില സൂചനകൾ നോക്കാം.
കണ്ണിന് മഞ്ഞനിറം- പൊതുവെ കണ്ണിലെ മഞ്ഞനിറം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. അതോടൊപ്പം, ചിലപ്പോൾ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പും ആകാം ഇത്. രക്തപ്രവാഹത്തിൽ അമിതമായ അളവിൽ ബിലിറൂബിൻ രക്തചംക്രമണം നടത്തുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മഞ്ഞപ്പിത്തം.
മുഖത്ത് അമിതമായി രോമവളർച്ച- ഇത് പലപ്പോഴും പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ലക്ഷണമാണ്. പ്രായപൂർത്തിയാകുമ്പോൾ ആരംഭിക്കുന്ന ഈ അവസ്ഥ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പിസിഒഎസ് അവസ്ഥ സാവധാനത്തിൽ അമിത രോമവളർച്ച, ക്രമരഹിതമായ ആർത്തവം, പൊണ്ണത്തടി, വന്ധ്യത, ചിലപ്പോൾ അണ്ഡാശയങ്ങളിൽ ഒന്നിലധികം സിസ്റ്റുകൾ എന്നിവയ്ക്ക് കാരണമാകാം. സ്ത്രീകളിൽ താടി, മേൽചുണ്ട്, കവിളിടങ്ങളിലെ രോമവളർച്ച എന്നതാണ് ലക്ഷണം.
ചുവന്ന പാടുകൾ- പ്രായം, സമ്മർദ്ദം, ക്ഷീണം, കാലാവസ്ഥാ വ്യതിയാനം, എണ്ണമയമുള്ള ചർമ്മം, ഇടയ്ക്കിടെയുള്ള ഷാംപൂ, എന്നിവയുടെ ഉപയോഗം ചുവന്ന പാടുകൾ ശരീരത്ത് സൃഷ്ടിക്കും . അലർജിയോ ആസ്ത്മയോ ഉള്ള ആളുകളിലും ഇത് സംഭവിക്കാറുണ്ട്. ചുണങ്ങു പൊതുവെ ചുവപ്പ്, ചൊറിച്ചിൽ, ചെതുമ്പൽ എന്നിവയാണ്. ചുവന്ന പാടുകൾ മുഖത്തുണ്ടാകുന്നത് ദഹനപ്രശ്നങ്ങളുടെ സൂചനയാകാം. ശരീരം ഗ്ലൂട്ടനോട് അമിതമായി പ്രതികരിക്കുന്നതു മൂലം ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ സീലിയാക് ഡിസീസിന്റെ സൂചനയും ആകാം ഈ പാടുകൾ.
വരണ്ട ചർമവും ചുണ്ടുകളും- വരണ്ട ചുണ്ടുകൾ നിർജലീകരണത്തിന്റെ സൂചകങ്ങൾ ആണ്. ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാവാം ചുണ്ടുകൾ വരളുന്നത്. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം ഇതുമൂലമുണ്ടാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുക. ദാഹം, മങ്ങിയ കാഴ്ച ഇവ ഹൈപ്പോതൈറോയ്ഡിസം മൂലം ഉണ്ടാകും.
മുഖക്കുരു- പോഷകങ്ങളുടെ അഭാവം മൂലവും മുഖക്കുരു വരാം. ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം.
കണ്ണിനു ചുറ്റും നിറ വ്യത്യാസം- കണ്ണിനു ചുറ്റും നീലയോ പർപ്പിളോ നിറം മാറുന്നത് ഗുരുതരമായ അലർജിയുടെ ലക്ഷണമാകാം. കൂടാതെ രക്തത്തിലെ ദൂഷ്യം കൊണ്ടുമാകാം.
കണ്ണിനു ചുറ്റും കറുത്ത വളയങ്ങൾ- ഉറക്കക്കുറവിന്റെയും ഭക്ഷണത്തിലെ ചില വിഷഹാരികളുടെ അലർജി മൂലമോ ആകാം കറുത്ത വളയങ്ങൾ. ഇവയെ നിസ്സാരമാക്കേണ്ട.
Story highlights- beauty issues and health