വില്ലനായി തോൾ വേദന; ഓട്ടോമാറ്റിക് പാഡിൽ ഷിഫ്റ്റർ നിർമിച്ച് യൂബർ ഡ്രൈവർ..!
സാങ്കേതിക പരിജ്ഞാനമുള്ള സംസ്കാരത്തിന് പേരുകേട്ട നഗരമാണ് ബെംഗളൂരു. വ്യത്യസ്തമായ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് ബെംഗളൂരു വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇത്തവണ തന്റെ വാഹനത്തിന്റെ ഡാഷ്ബോര്‍ഡില്‍ ഒരു ഓട്ടോമാറ്റിക് പാഡില്‍ ഷിഫ്റ്റര്‍ ഒരുക്കിയ യൂബര്‍ ഡ്രൈവറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയം. ( Bengaluru Uber Driver Builds Automatic Paddle Shifter )
ബെംഗളൂരുവിലെ തിരക്കേറിയ റോഡിലെ യാത്രക്കിടയില്‍ ഇടയ്ക്കിടെ ഗിയര്‍ ഷിഫ്റ്റ് ചെയ്യേണ്ടി വരും. ഓട്ടോമാറ്റിക് മോഡിലുള്ള വാഹനങ്ങള്‍ പുറത്തിറങ്ങിയതോടെ ചെറിയ തോതില്‍ ഈ ബുദ്ധുമുട്ടിന് പരിഹാരമായിട്ടുണ്ട്. എങ്കിലും നഗരത്തിലെ യാത്രക്കിടയില്‍ നിരന്തരമായി ഗിയര്‍ ഷിഫ്റ്റിങ്ങ് നടത്തിയതിനെ തുടര്‍ന്ന് തോള് വേദന അനുഭവപ്പെട്ടതോടെ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂബര്‍ ടാക്സി ഡ്രൈവറായ ദുരൈ.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന പാര്‍ഥ് പര്‍മര്‍ എന്ന യുവാവാണ് ഈ സാങ്കേതിക വിദ്യയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച. മാറാത്തഹള്ളിയില്‍ നിന്ന് എച്ച്എസ്ആര്‍ ലേഔട്ടിലേക്ക് ദുരൈയുടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വീഡിയോയിലെ പോലെ ഈ ഗിയര്‍ ലിവര്‍ ഓട്ടോമാറ്റിക്കായി മാറുന്നത് ശ്രദ്ധിച്ചത്. ഇതോടെ കാര്‍ മോഡിഫൈ ചെയ്തതാണോ എന്നറിയാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതോടയൊണ് ദുരൈ അത്തരത്തിലൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമാക്കിയത്. നിരന്തരം ഗിയര്‍ ഷിഫ്റ്റ് ചെയ്യു്ന്നതിനിടെ ശക്തമായ തോള് വേദന അലട്ടിയതോടെയാണ് സ്വയം ഒരു പാഡില്‍ ഷിഫ്റ്റര്‍ രൂപകല്‍പ്പന ചെയ്തത്.
Read Also : പോളണ്ടിലെ ‘മദ്യപിച്ച വീട്’ കണ്ടിട്ടുണ്ടോ? വളഞ്ഞുപുളഞ്ഞൊരു വേറിട്ട വീട്!
രണ്ടാഴ്ച മുമ്പാണ് ദുരൈ സുഹൃത്തിന്റെ സഹായത്തോടെ ഈ സംവിധാനം ഒരുക്കിയത്. കുറച്ച് ചിപ്പുകളും റിലേകളും മോട്ടോര്‍ അസംബ്ലിയും ഉപയോഗിച്ചാണ് ഓട്ടോമാറ്റിക് സംവിധാനം ഒരുക്കിയത്. ഇതിനായി 9000 രൂപ ചെലവ് വന്നിട്ടുണ്ടെന്നാണ് ദുരൈ പറയുന്നത്. പ്രീമിയര്‍ മോഡല്‍ കാറുകളില്‍ ഈയൊരു ഓട്ടോമാറ്റിക് പാഡില്‍ ഷിഫ്റ്റര്‍ സാധാരണയാണ്. എന്നാല്‍ ഇത് കൂടുതല്‍ മികവുറ്റതാക്കാന്‍ അദ്ദേഹത്തിന് ശരിയായ പിന്തുണയും മാര്‍ഗനിര്‍ദേശവും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും പര്‍മര്‍ വീഡിയോയുടെ താഴെ കുറിച്ചു.
Story highlights : Bengaluru Uber Driver Builds Automatic Paddle Shifter