‘സ്മാർട്ട്ഫോൺ സോമ്പികളെ സൂക്ഷിക്കുക’; ചിരിയും ചിന്തയും ഉണർത്തി ബെംഗളൂരുവിൽ നിന്നുള്ള മുന്നറിയിപ്പ്!

January 21, 2024

ഫോണുകൾ ഇന്ന് ഭക്ഷണത്തേക്കാൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു എന്നതിൽ സംശയമില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും, എന്തിന് കുളിക്കുമ്പോൾ പോലും ഫോണില്ലാതെ പറ്റില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു പലരും. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ഫോണിൽ തന്നെ. അടുത്തിടെ ബെംഗളൂരുവിൽ വൈറലായി മാറിയ ഒരു സൈൻ പോസ്റ്റിൽ ഇത്തരക്കാരെ കർക്കശമായി വിമർശിക്കുകയും ഒപ്പം ചൂടുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. (Bengaluru’s alert against smart phone zombies)

“സ്മാർട്ട്ഫോൺ സോമ്പികളെ സൂക്ഷിക്കുക” എന്ന സന്ദേശമാണ് സൈൻ ബോഡിലുള്ളത്. സൈൻബോഡിന്റെ സന്ദേശം ആളുകളിൽ വർദ്ധിച്ചുവരുന്ന ശ്രദ്ധക്കുറവിന്റെ പകർച്ചവ്യാധിയെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലാണ്. എക്‌സ് ഉപഭോക്താവായ പ്രകൃതിയാണ് ഇത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ” ബെംഗളൂരുവിലെ ഈ സൈൻബോർഡ് നമ്മുടെ മുഴുവൻ തലമുറയെയും ഒറ്റയടിക്ക് നിശബദരാക്കി” എന്ന കുറിപ്പോടെയാണ് പ്രകൃതി ചിത്രം പങ്കുവെച്ചത്.

‘സ്‌മാർട്ട്‌ഫോൺ സോംബി’ അല്ലെങ്കിൽ ‘സ്‌മോംബി’ എന്ന പദം മൊബൈലിൽ മുഴുകിയിരിക്കുന്ന വ്യക്തികളെ സൂചിപ്പിക്കുന്നു. തങ്ങളുടെ ചുറ്റുപാടുകളെ അവഗണിക്കുകയും മറ്റുള്ളവർക്കും അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാർ. അടുത്തുള്ള ആളെ പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഫോണിൽ അടിഞ്ഞു കൂടുകയാണ് ഇന്നത്തെ ജീവിതങ്ങൾ.

Read also: ബംഗളൂരുവിലെ തിരക്കുള്ള തെരുവിൽ പേഴ്‌സ് നഷ്ടമായി; തിരികെ ഏൽപിച്ച് അപരിചിതൻ- ശ്രദ്ധേയമായൊരു കുറിപ്പ്

സൈൻബോർഡ് പോസ്റ്റ് വൈകാതെ തന്നെ വൈറലായി. പോസ്റ്റ് വൈറലായതോടെ അമിതമായ സ്‌മാർട്ട്‌ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള ഓൺലൈൻ ചർച്ചകൾക്കും തുടക്കമിട്ടു. നിരവധി പേരാണ് ഇത്തരത്തിൽ ചുറ്റും കാണുന്ന സോംബികളെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്. മറ്റ് ചിലർ തങ്ങൾ ഈ സോംബികളിൽ ഉൾപ്പെടുന്നു എന്ന തരത്തിലും അഭിപ്രായങ്ങൾ പറയുന്നുണ്ട്. തമാശ രൂപേണയാണെങ്കിലും ആശങ്കയുളവാക്കുന്ന സാഹചര്യത്തിന്റെ ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സോംബി പോസ്റ്റ്.

Story highlights: Bengaluru’s alert against smart phone zombies