ഞായറാഴ്ചകളിലെ മത്തി ഫ്രൈയും മോരുകറിയും കെഎഫ് ബിയറും; ബെംഗളൂരു ജീവിതത്തിലെ ഓർമകളുമായി ഷെഫ് പിള്ള
ഭക്ഷണപ്രേമികളുടെ ഇഷ്ട ഷെഫാണ് സുരേഷ് പിള്ള. തന്റെ രുചി വൈഭവം കൊണ്ട് ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ കയ്യിലെടുത്തയാളാണ് സുരേഷ് പിള്ള. സ്വപ്നം കണ്ട ജീവിതം കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതിന്റെ ഉദാഹരണമാണ് ഷെഫ് പിള്ള എന്ന ബ്രാന്ഡ്. വ്യത്യസ്തമായ വിഭങ്ങള് തയ്യാറാക്കുന്ന അദ്ദേഹം സോഷ്യല് മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ തന്റെ തൊണ്ണൂറുകളിലെ ബെംഗളൂരു ജീവിതം ഓര്ത്തെടുക്കുകയാണ് ഷെഫ് പിള്ള. ( Chef Pillai shares about his old days in Bengaluru )
ബെംഗളൂരവില് ജോലി ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ കരിയറിന് തുടക്കമിട്ടത്. ഒറ്റമുറിയില് 12 പേര്ക്കൊപ്പമായിരുന്നു താമസം. ബെംഗളൂരുവില് ജീവിച്ച ആറ് വര്ഷക്കാലം അതായിരുന്നു തന്റെ വീടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷെഫ് പിള്ള മനസ് തുറന്നു. അന്നത്തെ ഒരു ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
രാവിലെ എട്ട് മണിക്കാണ് ജോലി ആരംഭിക്കുക. തിരികെ എത്തുമ്പോള് പുലര്ച്ചെ ഒരു മണിയാകും. ആഴ്ചയിലൊരിക്കല് കിട്ടുന്ന അവധി ദിവസം നല്ല ആഡംബര ഭക്ഷണം കഴിക്കുന്നതിനായി മാറ്റിവയ്ക്കും. ഇതിനായി അടുത്തുള്ള മാര്ക്കറ്റില് പോയി മത്തി വാങ്ങി വരും. മത്തി വറുത്തതും മോരു കറിയും ചോറും കഴിക്കും. രണ്ട് ബിയറും കുടിച്ച ശേഷം ഉറങ്ങും. തുടര്ച്ചയായി 6 വര്ഷത്തേക്ക് ആഴ്ചയില് 90 മണിക്കൂര് വരെ ജോലി ചെയ്യുമായിരുന്നെങ്കിലും എനിക്ക് ക്ഷീണം തോന്നിയിരുന്നില്ല. കാരണം ജീവിതത്തില് എന്തെങ്കിലും നേടാനുള്ള അതിയായ ആഗ്രഹമാണ് എന്നെ മുന്നോട്ട് പോകാന് പ്രേരിപ്പിച്ചത്.
12 പേര് കഴിഞ്ഞിരുന്ന മുറി ഇപ്പോള് 5-സ്റ്റാര് സ്യൂട്ടായി. ഇപ്പോള് ഇഷ്ടമുള്ളതെന്തും എന്റെ ആവശ്യത്തിന് അനുസരിച്ച് കുടിക്കാം, കഴിക്കാം, പാചകം ചെയ്യാം. എങ്കിലും ആ ഞായറാഴ്ചകളിലെ ആ മോരു കറി, മത്തി ഫ്രൈ, കെഎഫ് ബിയര് കോംബോയാണ് ജീവിതത്തിലെ ഏറ്റവും മികച്ചതെന്ന് പറയും. കാരണം അതിന് തന്റെ രക്തത്തിന്റെയും വിയര്പ്പിന്റെയും കണ്ണീരിന്റെയും രുചിയുണ്ട്. ജീവിതത്തില് എന്തെങ്കിലും നേടിയെടുക്കാന് ആഗ്രഹിച്ച സുരേഷിന്റെ സ്വപ്നങ്ങള്ക്ക് കരുത്തേകിയത് ഈ അനുഭവങ്ങളാണെന്നും കുറിപ്പുലുടെ അദ്ദേഹം മനസ് തുറന്നു.
Story highlights : Chef Pillai shares about his old days in Bengaluru