മൂല്യം 13 കോടി..! ലോകത്തിലെ ഏറ്റവും വില കൂടിയ വൈൻ മോഷണം പോയതായി പരാതി

January 31, 2024

ഗുണത്തിലും രുചിയും വ്യത്യസ്തമായി നിരവധി വൈനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കോടികള്‍ മൂല്യമുള്ള വൈനുകള്‍ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കപ്പെടുന്നുണ്ട്. വൈനുകളുടെ പഴക്കവും അസാധരണമായ ഗുണനിലവാരവും തന്നെയാണ് അവയുടെ മുല്യം നിശ്ചയിക്കുന്നത്. ( Costly wine stolen from 442 year old restaurant at Paris )

ഇത്തരത്തില്‍ 442 വര്‍ഷം പഴക്കമുള്ള ഒരു റെസ്റ്റോറന്റില്‍ സൂക്ഷിച്ചിരുന്ന ഒരുപാട് പഴക്കമുള്ള വൈന്‍ മോഷണം പോയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വൈനുകളിലൊന്നായ റൊമാനീ കോണ്ടി അടക്കമുള്ള വൈനുകളാണ് കാണാതായിട്ടുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പാരീസിലെ ‘ടൂര്‍ ഡി അര്‍ജന്റ്’ എന്ന റെസ്റ്റോറന്റില്‍ നിന്നാണ് വൈനുകള്‍ അപ്രത്യക്ഷമായിട്ടുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതിനാല്‍ ഈ റെസ്റ്റോറന്റ് സന്ദര്‍ശിക്കുന്നതിനായി നിരവധിയാളുകളാണ് ദിനംപ്രതി എത്താറുള്ളത്. പില്‍ക്കാലത്ത് ക്ലാസിക് ആനിമേഷന്‍ ചിത്രമായ റാറ്ററ്റൂയിലെ ഗുസ്റ്റോയുടെ റെസ്റ്റോറന്റിന് ‘ടൂര്‍ ഡി അര്‍ജന്റ്’ പ്രചോദനമായിട്ടുണ്ട്.

ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലത്തുനിന്നും വൈന്‍ മോഷണം പോയി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അതിന്റെ പ്രധാന കാരണം ഈ വൈനിന്റെ മൂല്യം തന്നെയാണ്. 1.6 മില്യണ്‍ ഡോളറാണ് (ഏകദേശം 13 കോടി രൂപ ) ഈ വൈനിന്റെ മൂല്യം. എന്നാല്‍ ഈ വൈനിന്റെ കൃത്യമായ പഴക്കത്തെ കുറിച്ച് വ്യക്തമായ അറിവില്ല. 2020-ല്‍ എടുത്ത അവസാനത്തെ ഇന്‍വെന്ററി പ്രകാരം ഏകദേശം 83 കുപ്പികള്‍ കാണാതെ പോയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിനൊപ്പമാണ് 13 കോടിയുടെ വൈനും കാണാതായിരിക്കുന്നത്. ഇത് ഒരു കുപ്പിയാണോ, ഒന്നിലധികം കുപ്പികളാണോ എന്നതിലും വ്യക്തത വരാനുണ്ട്.

Read Also : നിർമിച്ചത് 1945-ൽ; ഇത് റെക്കോഡുകൾ ഭേദിച്ച ലോകത്തിലെ ഏറ്റവും വിലകൂടിയ വൈൻ!

400 വര്‍ഷം പഴക്കമുള്ള ഈ റെസ്റ്റോറന്റില്‍ ആകെ മൂന്ന് ലക്ഷത്തോളം വൈന്‍ കുപ്പികള്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും വൈന്‍ മോഷണത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ കേസില്‍ ഒരു തുമ്പും കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story highlights : Costly wine stolen from 442 year old restaurant at Paris