ഏറ്റവും കൂടുതൽ ദിനോസറുകൾ ഇന്ത്യയിലോ..? മധ്യപ്രദേശിൽ കണ്ടെത്തിയത് 256 ദിനോസർ മുട്ടകള്‍..!
ഒരുകാലത്ത് ഭൂമിയില്‍ വിഹരിച്ചു നടന്ന ജീവി വര്‍ഗങ്ങളില്‍ ഒന്നായിരുന്നു ദിനോസറുകള്‍. കാലാന്തരത്തില്‍ ഇവ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ദിനോസറുകള്‍ ഉണ്ടായിരുന്നത് ഇന്ത്യയിലാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളാണ് ഈ വിഷയത്തിലെ ചര്‍ച്ചകള്‍ സജീവമാക്കിയത്. ( Dinosaur Eggs Found from Dhar Madhyapradesh )
ഒരു സംഘം പാലിയന്റോളജിസ്റ്റുകള്‍ മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ ദിനോസറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകളാണ് കണ്ടെത്തിയത്. ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയതെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുട്ടയുടെ ഫോസിലുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ഈ ഫോസിലുകള്‍ക്ക് 66 ദശലക്ഷം (6.6 കോടി) വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നുവെന്നും ഗവേഷകരുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read also : മൂല്യം 13 കോടി..! ലോകത്തിലെ ഏറ്റവും വില കൂടിയ വൈൻ മോഷണം പോയതായി പരാതി
ചില മുട്ടകളില്‍ വിരിയാന്‍ വച്ചതിന്റെ ശേഷിപ്പുകളുണ്ടായിരുന്നു. ചിലതില്‍ അത്തരത്തിലുള്ള ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുമ്പ്, പരിണാമത്തിലെ അവസാനഘട്ടങ്ങളില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.
Story highlights : Dinosaur Eggs Found from Dhar Madhyapradesh