‘അമ്മയുടെ കണ്മണി’; കൗതുകമുണർത്തി ഡ്യൂനിയും മകളും!

January 20, 2024

അമ്മമാർ, അതിപ്പോ മനുഷ്യനായാലും മൃഗമായാലും സ്നേഹത്തിന്റെ പര്യായങ്ങളാണ്. കുഞ്ഞുങ്ങളെ പ്രസവിച്ച് അവർ സ്വയം കരുതാനുള്ള ശക്തി നേടിയെടുക്കുന്നത് വരെ കാവലായി മാതാപിതാക്കൾ ഒപ്പമുണ്ടാകും. ഏവരുടെയും ഹൃദയം കവർന്നുകൊണ്ടിരിക്കുന്ന ഒരമ്മയുടെയും കുഞ്ഞിന്റെയും ചിത്രം ഇന്ന് ആളുകൾക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. പക്ഷെ അവരെ കാണണമെങ്കിൽ ഒന്ന് മൃഗശാല വരെ പോകണം. (Dyuni Gorilla and her child winning hearts)

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് മൃഗശാലയിൽ പത്ത് വയസ്സുള്ള ഡ്യൂനി ഗൊറില്ലയ്ക്കാണ് വർഷാരംഭം പെൺകുഞ്ഞ് ജനിച്ചത്. ജനിച്ച് കുറച്ച് സമയത്തിന് ശേഷം മൃഗശാല ജീവനക്കാർ നവജാതശിശുവിനെ പൊതുജനങ്ങളിൽ നിന്ന് അകറ്റി അമ്മയെയും കുഞ്ഞിനേയും വിശ്രമിക്കാൻ അനുവദിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് പൊതുജനങ്ങൾക്ക് കുഞ്ഞിനെ കാണാൻ അനുവാദം ലഭിച്ചത്.

ഇപ്പോൾ മൃഗശാലയിൽ പോകുന്നവർക്കെല്ലാം ഏറെ രസകരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കും. കുഞ്ഞിനൊപ്പമുള്ള ഡ്യൂനിയുടെ കളിചിരികളും കുസൃതികളും ഏവരും നന്നായി ആസ്വദിക്കുന്നുണ്ട്. ഇരുവരുടെയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read also: സൈന്യത്തിലെ എലൈറ്റ് ഗ്രാജുവേറ്റ്‌സ് പദവി സ്വന്തമാക്കി ബിടിഎസ് താരങ്ങൾ; പട്ടാള വേഷത്തിലെ ചിത്രങ്ങൾ വൈറൽ..!

വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലകളുടെ ഇനത്തിൽ പെട്ടതാണ് ഡ്യൂനി. ഇവയുടെ ജന്മദേശം മധ്യ ആഫ്രിക്കയാണ്. 2007-ൽ ഈ ഗൊറില്ലകൾ വംശനാശഭീഷണി നേരിടുന്നതായി പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ എബോള വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളും അവയുടെ മാംസത്തിനായി നിയമവിരുദ്ധമായി അവയെ കൊന്ന വേട്ടക്കാരും അവരുടെ നിലനിൽപ്പിന് പ്രതിസന്ധിയായി.

കഴിഞ്ഞ 25 വർഷത്തിനിടയിൽ അവയുടെ എണ്ണം 60 ശതമാനത്തിലധികം കുറഞ്ഞു. അതുകൊണ്ട് തന്നെ പ്രാഗ് മൃഗശാല പോലെയുള്ള ഇടങ്ങളിൽ ഗൊറില്ലകളുടെ സംരക്ഷണം ഉറപ്പാക്കാൻ തയ്യാറാക്കിയ വിവിധ പ്രോഗ്രാമുകൾ സഹായിക്കുന്നു.

Story highlights: Dyuni Gorilla and her child winning hearts