രാത്രിയിലെ ഉറക്കം ശരിയാകുന്നില്ലേ? ഈ ടിപ്സുകള്‍ പരീക്ഷിക്കാം..!
ഒരു വ്യക്തിയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. കൃത്യ സമയത്ത് ഉറങ്ങാന്‍ കഴിയാത്തത് അല്ലെങ്കില്‍ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാത്തത് എല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. കൃത്യസമയത്ത്, കൃത്യമായ രീതിയില്‍, ആവശ്യത്തിന് ഉറങ്ങാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. എളുപ്പം ഉറങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ഈ വഴികളൊന്ന് ശീലമാക്കി നോക്കുക. ( Easy tips for better sleep )
ഉറക്കത്തിനായി ഒരു സമയം ചിട്ടപ്പെടുത്തുക. ദിവസവും എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറക്കത്തിനായി മാറ്റിവെക്കുക. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഉറക്കത്തിന്റെ അളവ് കുറഞ്ഞത് ഏഴ് മണിക്കൂറാണ്. നല്ല വിശ്രമം ലഭിക്കാന്‍ മിക്കവര്‍ക്കും എട്ട് മണിക്കൂറോളം ഉറങ്ങേണ്ടിവരും. അവധി ദിവസങ്ങളും മറ്റും ഉള്‍പ്പെടെ എല്ലാ ദിവസവും ഒരേ സമയത്ത് എഴുന്നേല്ക്കുക. സ്ഥിരത പുലര്‍ത്തുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഉറക്ക-ഉണര്‍വ് ചക്രത്തെ ശക്തിപ്പെടുത്തുന്നു.
ഉറങ്ങാന്‍ കിടന്ന് ഏകദേശം 20 മിനുട്ടിനുള്ളില്‍ നിങ്ങള്‍ ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങളുടെ കിടപ്പുമുറി വിട്ട് മറ്റെന്തെങ്കിലും ചെയ്യുക. പാട്ട് കേള്‍ക്കുക, വായിക്കുക അങ്ങനെ എന്തെങ്കിലും. ഇത് ക്ഷീണം മൂലം പെട്ടന്ന് ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും.
ഭക്ഷണത്തില്‍ ശ്രദ്ധിക്കുക. പട്ടിണി കിടന്നോ വയറുനിറയെ ഭക്ഷണം കഴിച്ചോ കിടക്കാന്‍ പോകരുത്. കഴിവതും രാത്രികാലങ്ങളില്‍ ലഘുവായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. പുകവലി, മദ്യപാനം, കഫീന്‍ എന്നിവ നിങ്ങളുടെ ശാന്തമായ ഉറക്കത്തെ ബാധിക്കും. മദ്യം കഴിച്ച് കിടക്കുന്നവര്‍ ക്ഷീണം മൂലം ആദ്യം ഉറങ്ങുമെങ്കിലും രാത്രി പലപ്പോഴും ഇതുറക്കത്തെ തടസപ്പെടുത്തും.
ഉറങ്ങുന്ന മുറി ശാന്തമാക്കുക. നിങ്ങളുടെ മുറി ഇരുണ്ടതും ശാന്തവുമാക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ലൈറ്റ് എമിറ്റിങ് സ്ക്രീനുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക. വലിയ ബഹളങ്ങളും വെളിച്ചവുമില്ലാതെയുള്ള മുറിയില്‍ കിടക്കുമ്പോള്‍ ക്രമേണ നിങ്ങള്‍ ഉറങ്ങിപ്പോകും.
Read Also : ‘ജിയോ ബേബിയുടെ കാതലിന് മഴവില്ലഴകാണ്’; കാതലിലെ ഇഷ്ടരംഗത്തെക്കുറിച്ച് ശബരിനാഥൻ!
പകല്‍ ഉറക്കം കുറയ്ക്കാം. നീണ്ട പകലുറക്കം രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തും. മറ്റ് തടസങ്ങളൊന്നുമില്ലെങ്കില്‍ പകല്‍ സമയങ്ങളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ഒഴിവാക്കുക. നിങ്ങളുടെ ദിനചര്യയില്‍ വ്യായാമം മറക്കാതെ ഉള്‍പ്പെടുത്തുക. ചിട്ടയായ വ്യായാമ മുറകള്‍ നല്ല ഉറക്കം പ്രോത്സാഹിപ്പിക്കും. അതേസമയം ഉറങ്ങാന്‍ പോകുന്ന നേരങ്ങളില്‍ ഇതൊഴിവാക്കുക.
Story highlights : Easy tips for better sleep