‘ഇങ്ങനൊരു ഫെയർവെൽ ഇതാദ്യം’; മലയാളി അധ്യാപകർ തീർത്ത പുത്തൻ ട്രെൻഡ്!
ഇന്ന് മുക്കിലും മൂലയിലുമെല്ലാം ‘ബ്രൈഡ് ടു ബി’ വിഡിയോകളാണ്. വിവാഹം കഴിക്കാൻ പോകുന്ന സുഹൃത്തിനായി മറ്റ് സുഹൃത്തുക്കളും ബന്ധുക്കളും ഒരുക്കുന്ന ഒരു പരിപാടിയാണിത്. എന്നാൽ തുടക്കത്തിൽ ബ്രൈഡിന് വേണ്ടിയാണെന്ന് തോന്നുമെങ്കിലും കാഴ്ചക്കാരെ അതിശയിപ്പിക്കുകയും അതേസമയം സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എറണാകുളം ചെങ്ങമനാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ഗണിതാധ്യാപിക സുശീലാദേവി ടീച്ചറിന് ആശംസ നേർന്ന് സഹപ്രവർത്തകർ ചുവടുവച്ച ഫെയർവെൽ ഡാൻസാണ് ആളുകൾക്കിടയിൽ തരംഗമാകുന്നത്. ഇങ്ങനൊരു യാത്രയയപ്പ് ഇന്നുവരെ ആർക്കും കിട്ടിയിട്ടുണ്ടാകില്ല.
പരിപാടിക്കായി സുശീല ടീച്ചറുടെ സഹപ്രവർത്തകർ തെരഞ്ഞെടുത്ത സ്ഥലം ഗോവയാണ്. ഒരുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് ലൊക്കേഷനിൽ മറ്റ് ടീച്ചർമാരെല്ലാം റെഡിയായിരുന്നു. ഒരു വധുവിനെ കൊണ്ടുവരുന്ന പോലെ സുശീല ടീച്ചറെ എല്ലാവരും ചേർന്ന് ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നതും ‘റിടൈയറി ടു ബി’ എന്ന ടാഗ് ധരിപ്പിച്ച് ഒപ്പമിരുത്തുന്നതും വിഡിയോയിൽ കാണാം. പിന്നാലെ സഹപ്രവർത്തകർ ഓരോരുത്തരായി വന്ന് ആശംസകൾ അറിയിക്കുകയാണ്.
നിരവധി ആളുകളാണ് വിഡിയോ കാണുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തത്. ക്ളീഷേ യാത്രയയപ്പ് പരിപാടികളിൽ നിന്നും ബോറൻ പ്രസംഗങ്ങളിൽ നിന്നും റൂട്ട് മാറ്റി അല്പം ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതിയാണ് അധ്യാപകർ ഗോവയിലേക്ക് റിട്ടയർമെൻറ് ടൂർ പ്ലാൻ ചെയ്തത്. എന്തായാലും വൈകാതെ തന്നെ റിട്ടയർമെന്റ് പാർട്ടികളും ട്രെൻഡിങ്ങ് ആകുന്ന സൂചനകളാണ് കാണുന്നത്.
Story highlights: Farewell set in Goa by Teachers goes viral