നിനയ്ക്കാതെ നേരത്ത് അപകടം; ഓർമ്മകൾ ബാക്കിവെച്ച് ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും മക്കളും!

January 6, 2024

ഹോളിവുഡിലെ രാജാക്കന്മാരായ ടോം ക്രൂസ്, ജോർജ്ജ് ക്ലൂണി എന്നിവരോടൊപ്പം അഭിനയിച്ച ജർമ്മൻ വംശജനായ യുഎസ് നടൻ ക്രിസ്റ്റ്യൻ ഒലിവറിന്റെ വേർപാടിൽ കലാലോകം വിലപിക്കുന്നു. കരീബിയൻ ദ്വീപിന്റെ തീരത്തുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അദ്ദേഹവും രണ്ട് പെൺമക്കളും മരിച്ചതോടെ മൂന്ന് പതിറ്റാണ്ട് നീണ്ട നടന്റെ അഭിനയ ജീവിതത്തിനാണ് അവസാനം കുറിച്ചത്. (Hollywood actor Christian Oliver passes away in plane crash)

സെന്റ് ലൂസിയയിലേക്കുള്ള സ്വകാര്യ വിമാനം ബെക്വിയയിലെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പുറപ്പെട്ടത്. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാറുകൾ നേരിട്ടത്തിന് പിന്നാലെ നിമിഷങ്ങൾക്കകം വിമാനം കടലിലേക്ക് പതിച്ചു. മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡും ഉടൻ സംഭവസ്ഥലത്തെത്തിയെങ്കിലും അപകടം തടുക്കാനായില്ല. ഒലിവർ, മക്കളായ മഡിറ്റ, ആനിക്, പൈലറ്റ് റോബർട്ട് സാക്‌സ് എന്നിവരുടെ ജീവൻ ദുരന്തത്തിൽ പൊലിഞ്ഞു.

Read also: മമ്മൂട്ടിയെ കാണാനെത്തിയ ആരാധിക; നെഞ്ചോട് ചേർത്ത് കുശലം പറഞ്ഞ് മമ്മൂക്ക

അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷണത്തിലാണ്. മൃതദേഹങ്ങൾ കണ്ടെത്തി പ്രാദേശിക മോർച്ചറിയിലേക്ക് മാറ്റി. മരണകാരണങ്ങൾ കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്തും.

ക്രിസ്മസിന് ദിവസങ്ങൾക്ക് മുമ്പ്, വരാനിരിക്കുന്ന ചിത്രമായ ‘ഫോറെവർ ഹോൾഡ് യുവർ പീസ്’ എന്ന ചിത്രത്തിന്റെ അവസാന രംഗങ്ങൾ ഒലിവർ പൂർത്തിയാക്കിയിരുന്നു.

കരിയറിലെ ആദ്യകാല വേഷങ്ങളിൽ “സേവ്ഡ് ബൈ ദി ബെൽ: ദി ന്യൂ ക്ലാസ്” എന്ന ടിവി സീരീസും “ദ ബേബി സിറ്റേഴ്‌സ് ക്ലബ്” എന്ന സിനിമയും ഉൾപ്പെടുന്നു. ജോർജ്ജ് ക്ലൂണിക്കൊപ്പം “ദ ഗുഡ് ജർമ്മൻ” എന്ന ചിത്രത്തിലും 2008 ലെ ആക്ഷൻ-കോമഡി ചിത്രമായ “സ്പീഡ് റേസർ” എന്ന ചിത്രത്തിലും ഒലിവർ പ്രത്യക്ഷപ്പെട്ടു. ടോം ക്രൂയിസ് ചിത്രമായ “വാൽക്കറി”യിലെ വേഷം ഉൾപ്പെടെ 60-ലധികം സിനിമകളും ടിവി ക്രെഡിറ്റുകളും അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിരുന്നു.

അഭിനയത്തിന് പുറമേ, സമീപ വർഷങ്ങളിൽ ‘കോൾ ഓഫ് ഡ്യൂട്ടി’, ‘മെഡൽ ഓഫ് ഓണർ’ തുടങ്ങിയ പ്രശസ്തമായ വീഡിയോ ഗെയിം സീരീസുകളിലും ഒലിവർ തന്റെ ശബ്ദം സംഭാവന ചെയ്തു.

Story highlights: Hollywood actor Christian Oliver passes away in plane crash