വില്ലനായി സസ്യങ്ങളിലെ സയനൈഡ്.. വളർത്തുമൃഗങ്ങളെ ബാധിക്കുന്നത് എങ്ങനെ..?

January 2, 2024

തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കര്‍ഷകരുടെ പശുക്കള്‍ കൂട്ടത്തോടെ മരണമടഞ്ഞത് ഏറെ സങ്കടകരമായ വാര്‍ത്തയായിരുന്നു. ജോര്‍ജുകുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ഇന്നലെ ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് അതിലടങ്ങിയ സയനൈഡിന്റെ സാന്നിധ്യമാണ് പശുക്കളുടെ ജീവഹാനിയ്ക്ക് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2018-ല്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ നടന്ന സമാന സംഭവവും ഏറെ വാര്‍ത്തയായിരുന്നു. ഫാമില്‍ മേയുന്നതിനിടെ അന്‍പതിലധികം പശുക്കളാണ് അന്ന് ചത്തുവീണത്. കപ്പത്തൊണ്ടാണ് തൊടുപുഴയിലെ കുട്ടിക്കര്‍ഷകരുടെ പശുക്കളുടെ ജീവനെടുത്തതെങ്കില്‍ മേച്ചില്‍പറമ്പുകളില്‍ ധാരാളമായി കാണുന്ന മണിച്ചോളം ചെടികളാണ് ഡൈദ ഗ്രാമത്തിലെ വലിയ ദുരന്തത്തിന് വഴിവച്ചത്. ഈ പുല്‍ചെടിയുടെ ഇലയിലും തണ്ടിലും വലിയ തോതില്‍ സയനൈഡിന്റെ അംശം ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ( How Cyanide poisoning effects pets )

വിഷസാന്നിധ്യമുള്ള പുല്ലുകള്‍ അറിയാതെ ഭക്ഷണമാക്കുന്നതിലൂടെയാണ് പശു, ആട്, എരുമ അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് വിഷബാധയേല്‍ക്കുന്നത്. മരച്ചീനിയുടെ ഇല, തണ്ട്, കായ, കിഴങ്ങ്, മുളയുടെയും റബറിന്റെയും തളിരിലകളും തണ്ടും, തിനപ്പുല്ലുകള്‍, മണിച്ചോളത്തിന്റെ തളിരിലികള്‍ എന്നിവയിലാണ് സാധാരണയായി സയനൈഡിന്റെ സാന്നിധ്യമുള്ളത്. പ്രധാനമായും ഇവയുടെ തളിരിലകളില്‍ കൂടുതല്‍ വിഷാംശമുള്ളത്.

റബറിന്റെയും മരച്ചീനിയുടെ ഇലകള്‍ കഴിക്കുന്നതിലൂടെയുള്ള വിഷബാധ നമ്മുടെ നാട്ടില്‍ സാധാരണയാണ്. ചെറിയ തോതിലുള്ള വിഷാംശമാണ് അകത്തുചെല്ലുന്നതെങ്കില്‍ അത് കരള്‍ നിര്‍വീര്യമാക്കുന്നതിലൂടെ മൃഗങ്ങളുടെ ജീവന്‍ അപകടത്തിലാക്കില്ല. എന്നാല്‍ ഉയര്‍ന്ന തോതില്‍ വിഷം അകത്തെത്തിയാല്‍ അത് മൃഗങ്ങളുടെ മരണത്തിന് കാരണമാകും. പൂര്‍ണവളര്‍ച്ചയെത്തിയ 500 – 600 കിലോഗ്രാം ഭാരമുള്ള ഒരു പശുവിന്റെ ജീവനെടുക്കാന്‍ വെറും 40 മി.ഗ്രാം സയനൈഡ് വിഷം മതിയെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്.

മരച്ചീനിയിലെ ലിനാമാരിന്‍, ലോട്ടോസ്ട്രാലിന്‍ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈഡുകളാണ് സയനൈഡ് വിഷം രൂപപ്പെടുന്നതിന് കാരണമാകുന്നത്. ദഹനസമയത്ത് മരച്ചീനി അടക്കമുള്ള സസ്യങ്ങളില്‍ അടങ്ങിയ ലിനാമരേസ് എന്ന എന്‍സൈം ഇവയെ വിഘടിപ്പിച്ച് ഹൈഡ്രജന്‍ സയനൈഡ് ഉത്പാദിപ്പിക്കുന്നു. ഇങ്ങനെ രൂപപ്പെടുന്ന ഹൈഡ്രജന്‍ സയനൈഡ് വേഗത്തില്‍ തന്നെ രക്തത്തില്‍ ആഗിരണം ചെയ്യപ്പെടുകയും രക്തം വഴി ശരീരകോശങ്ങളിലാകെ വ്യാപിക്കുകയും ചെയ്യും. ഇതോടെയാണ് ശരീരത്തിന് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയ തടസപ്പെടുകയും ചെയ്യുന്നതിലൂടെ ആന്തരിക അവയങ്ങളുടെ പ്രവര്‍ത്തനം താറുമാറാകുകയും ചെയ്യും.

Read Also : ‘ആറ് വര്‍ഷം മുമ്പ് തനിക്കും ഇതേ അനുഭവം’; കുട്ടിക്കര്‍ഷകര്‍ക്ക് സഹായം കൈമാറി ജയറാം

മേയാന്‍ വിടുന്ന സമയത്ത് സയനൈഡ് പോലുള്ള വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ സസ്യങ്ങള്‍ പശുക്കള്‍ കഴിക്കുന്നത് തടയാന്‍ കര്‍ഷകര്‍ പ്രത്യകം ശ്രദ്ധ പുലര്‍ത്തണം. ഇനി അഥവാ മൃഗങ്ങള്‍ക്ക് വിഷബാധയേറ്റതായി തോന്നിയാല്‍ ഉടന്‍തന്നെ വെറ്ററിനറി അധികൃതരുടെ സഹായം തേടുന്നതാണ് നല്ലത്. പ്രാരംഭഘട്ടത്തില്‍ തന്നെ സയനൈഡ് നിര്‍വീര്യമാക്കുന്നതിനുള്ള കുത്തിവയ്പ് എടുക്കുന്നത് ഏറെ ഫലപ്രദമാണ്.

Story highlights : How Cyanide poisoning effects pets