മഞ്ഞണിഞ്ഞ ഗ്രീൻലാൻഡിൽ നിറയെ പലനിറത്തിലുള്ള കെട്ടിടങ്ങൾ; ഓരോ നിറത്തിനുപിന്നിലും ഒരു കാരണവുമുണ്ട്!
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗ്രീൻലാൻഡ് നിറപ്പകിട്ടിന്റെ കാര്യത്തിൽ പിന്നോട്ടാണ്. കാരണം, പേരിൽ പച്ചപ്പുണ്ടെങ്കിലും പൊതുവെ മഞ്ഞുമൂടിയ നിലയിലാണ് ഗ്രീൻലാൻഡ്. എന്നാൽ, ഈ കുറവ് അവിടുത്തെ കെട്ടിടങ്ങൾക്ക് നിറങ്ങൾ ചാർത്തിയാണ് ഗ്രീൻലാൻഡ് മറികടക്കുന്നത്. ഒട്ടേറെ മൾട്ടി- കളർ കെട്ടിടങ്ങളാണ് ഗ്രീൻലാൻഡിന്റെ ഏറ്റവും വലിയ ആകർഷണീയത. മഞ്ഞിൽ പല പല നിറങ്ങളിൽ ഒരേ മോഡലിലുള്ള, ഒരേ തരത്തിലുള്ള മേൽക്കൂരകളുള്ള കെട്ടിടങ്ങൾ നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്. സഞ്ചാരികളെ ആകർഷിക്കാനാണ് ഇങ്ങനെ കെട്ടിടങ്ങൾ അണിയിച്ചൊരുക്കുന്നത് എന്ന് ഒരു തെറ്റിദ്ധാരണ പൊതുവെ ഗ്രീൻലാൻഡിനെ കുറിച്ച് നിലനിൽക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ഈ നിറപ്പകിട്ടാർന്ന കെട്ടിടങ്ങൾക്ക് പിന്നിൽ മറ്റൊരു കാരണമുണ്ട്. ഗ്രീൻലാൻഡിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും കളർ കോഡിംഗ് പതിനെട്ടാം നൂറ്റാണ്ടിലെ കൊളോണിയൽ കാലഘട്ടത്തിലാണ് ആരംഭിച്ചത്. സ്കാൻഡിനേവിയയിൽ നിന്ന് തടി വീടുകൾ നിർമിക്കാനായി തടികൾ ആ കാലത്ത് കിറ്റുകളായി അയച്ചിരുന്നു. വീടിന് നമ്പറുകളോ തെരുവ് നാമങ്ങളോ ഇല്ലാത്തതിനാൽ എല്ലാ കെട്ടിടങ്ങളും ചുവപ്പ്, കറുപ്പ്, മഞ്ഞ, പച്ച, നീല എന്നീ അഞ്ച് അടിസ്ഥാന നിറങ്ങളിൽ ഒന്നായിരുന്നു നൽകിയിരുന്നത്, ഒപ്പം ഓരോ നിറത്തിനും ഒരു പ്രത്യേക അർത്ഥമുണ്ട്.
ചുവപ്പ് നിറം വ്യാപാര സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. ഇതിനർത്ഥം, ഇവയുമായി ബന്ധപ്പെട്ട എല്ലാ കെട്ടിടങ്ങളും, അത് പള്ളിയോ കടയോ അല്ലെങ്കിൽ പുരോഹിതനോ ഷോപ്പ് ഉടമയോ ഗുമസ്തനോ താമസിച്ചിരുന്ന വീടോ ആകട്ടെ, ചുവപ്പ്നിറം പൂശിയ വീടായിരിക്കും. കുറച്ച് കാലങ്ങൾക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ കറുത്ത നിറം തിരഞ്ഞെടുത്തു.
മഞ്ഞനിറം ആരോഗ്യവുമായി ബന്ധപ്പെട്ട എന്തിനെയും പ്രതിനിധീകരിക്കുന്നു. ഡോക്ടർമാരും നഴ്സുമാരും താമസിക്കുന്ന വീടുകൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും മഞ്ഞ ചായം പൂശി. പച്ചനിറം മുൻപ് റേഡിയോ നിലയത്തിന്റെ പ്രതീകമായിരുന്നു. പിന്നീടത് ടെലികമ്മ്യൂണിക്കേഷന്റെ നിറമായി.
ജിടിഒയ്ക്കും (ഗ്രീൻലാൻഡിക് ടെക്നിക്കൽ ഓർഗനൈസേഷൻ) ഫാക്ടറികൾക്കുമായി നീല നിറമാണ് നൽകുന്നത്. ഇങ്ങനെ കെട്ടിടങ്ങൾക്ക് നിറങ്ങൾ നൽകിയതിന്റെ പ്രധാന കാരണം, തെരുവ് നാമങ്ങൾക്കും വീട്ടു നമ്പറുകൾക്കും മുമ്പുള്ള ഒരു സമയത്ത് വീടുകൾ തിരിച്ചറിയാൻ ഒരു മാർഗം ആവശ്യമായിരുന്നു.
എങ്കിലും ഈ സിസ്റ്റം പൂർണമായും ആളുകൾ പാലിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്വാഭാവികമായ അപാകതകൾ ഈ രീതിക്ക് ഉണ്ട്. അന്ന് വീടുകൾക്ക് കയ്യിലുള്ള നിറമുപയോഗിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ ചിലപ്പോൾ വ്യാപാര സ്ഥാപനങ്ങളുമായും കെട്ടിടങ്ങളുമായുമെല്ലാം ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു. മാത്രമല്ല, കൊളോണിയൽ കാലത്തെ ഗ്രീൻലാൻഡിൽ പെയിന്റ് കൊണ്ട് വരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, അതിനാൽ കയ്യിലുള്ള നിറങ്ങളുമായി ഒരാൾക്ക് വീട് പെയിന്റ് ചെയ്യേണ്ടതുണ്ടായിരുന്നു.
ഇന്നത്തെ ഉടമകൾക്ക് അവരുടെ വാസസ്ഥലം അവർ തിരഞ്ഞെടുക്കുന്ന ഏത് നിറത്തിലും വരയ്ക്കാൻ സ്വാതന്ത്ര്യമുണ്ട്.എന്തായാലും, ഇന്ന് ഇവിടുത്തെ ആശുപത്രികൾ ഇപ്പോഴും മഞ്ഞയാണ്,ഗ്രീൻലാൻഡിന്റെ കത്തീഡ്രൽ ഇപ്പോഴും ചുവപ്പാണ്.
Story highlights- How the buildings in Greenland are colour-coded