ഈ പിതാവിന് മകളുടെ വേർപാട് താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ- ഭവതാരിണിയുടെ വിയോഗത്തിൽ ഇളയരാജയുടെ നൊമ്പരമോർത്ത് തമിഴകം

January 26, 2024

സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണിയുടെ വിയോഗം വലിയ ആഘാതമാണ് തമിഴകത്തുണ്ടാക്കിയത്. ക്യാൻസർ ബാധിച്ച് ജനുവരി 25 നായിരുന്നു മരണം. കരളിൽ ബാധിച്ച അർബുദത്തിന് ചികിത്സ തേടി ശ്രീലങ്കയിലായിരുന്നു ഭവതാരിണി എന്നാണ് റിപ്പോർട്ടുകൾ. ചികിത്സയ്ക്കിടെ ശ്രീലങ്കയിൽവെച്ചുതന്നെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് ജനുവരി 26 ന് ചെന്നൈയിലേക്ക് കൊണ്ടുവരും. അവിടെ അന്തിമ ചടങ്ങുകൾ നടക്കും. 47 വയസ്സായിരുന്നു ഭവതാരിണിക്ക്.

ഇളയരാജ ഏറെ പ്രതീക്ഷയോടെയാണ് മകളായ ഭവതാരിണിയെ സംഗീത ലോകത്തേക്ക് എത്തിച്ചത്. ആ പ്രതീക്ഷ ദേശീയ പുരസ്‌കാര നേട്ടത്തിലൂടെ ഭവതാരിണി കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇളയരാജയുടെ മകളും കാർത്തിക് രാജയുടെയും യുവൻ ശങ്കർ രാജയുടെയും സഹോദരിയുമാണ് ഭവതാരിണി. ‘ഭാരതി’യിലെ ‘മയിൽ പോല പൊന്നു ഒന്ന്’ എന്ന തമിഴ് ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി.

കഴിഞ്ഞ ആറ് മാസമായി കരൾ അർബുദത്തിന് ചികിത്സയിലായിരുന്നു. അടുത്തിടെ, തുടർ ചികിത്സയ്ക്കായി ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. ‘രാസയ്യ’ എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. അന്നുമുതൽ തന്റെ പിതാവ് ഇളയരാജയ്ക്കും സഹോദരങ്ങളായ കാർത്തിക് രാജയ്ക്കും യുവൻ ശങ്കർ രാജയ്ക്കും വേണ്ടി ഗായിക പാട്ടുകൾ പാടി.

Read also: ഐസിസിയുടെ മികച്ച ഏകദിന ക്രിക്കറ്ററായി വിരാട് കോലി; പുരസ്‌കാരം നേടുന്നത് നാലാം തവണ

2002-ൽ രേവതി സംവിധാനം ചെയ്ത ‘മിത്ർ, മൈ ഫ്രണ്ട്’ എന്ന ചിത്രത്തിന്റെ സംഗീതസംവിധായകയായി. തുടർന്ന് ‘ഫിർ മിലേംഗേ’യ്ക്കും ഒരുപിടി ചിത്രങ്ങൾക്കും അവർ സംഗീതം നൽകി. ‘മായാനദി’ എന്ന മലയാള ചിത്രത്തിനുവേണ്ടിയും ചെയ്തിരുന്നു. ‘കാതലുക്ക് മരിയാധൈ’, ‘ഭാരതി’, ‘അഴഗി’, ‘ഫ്രണ്ട്സ്’, ‘പാ’, ‘മങ്കാത്ത’, ‘അനേഗൻ’ തുടങ്ങിയ തമിഴ് സിനിമകളിൽ അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Story highlights- Ilaiyaraaja’s daughter Bhavatharini dies of cancer