‘ആറ് വര്‍ഷം മുമ്പ് തനിക്കും ഇതേ അനുഭവം’; കുട്ടിക്കര്‍ഷകര്‍ക്ക് സഹായം കൈമാറി ജയറാം
ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരെ സന്ദര്‍ശിച്ച് നടന് ജയറാം. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനെയും വീട്ടിലെത്തി സന്ദര്‍ശിച്ച ജയറാം, കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ( Jayaram help dairy farmers Mathew and George )
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനും കുടുംബവുമെന്ന് ജയറാം പറഞ്ഞു. ‘ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം രാവിലെ ഒരു പശുക്കുട്ടി കുഴഞ്ഞ് വീണ് ചത്തു. അതിന്റെ വയറെല്ലാം വീര്‍ത്ത് വായില്‍ നിന്ന് നുരയും പതയുമൊക്കെ വന്നായിരുന്നു മരണപ്പെട്ടത്. വൈകുന്നേരമായപ്പോഴേക്കും എന്റെ ഫാമിലെ 22 പശുക്കളാണ് മരണമടഞ്ഞത്. പുല്ലില്‍ നിന്നുള്ള വിഷാംശം ആയിരുന്നു മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ആ നഷ്ടം വന്നപ്പോഴുണ്ടായ വേദന വളരെ വലുതായിരുന്നു. അവയെ കുഴിച്ചിട്ടപ്പോഴാണ് ജീവിതത്തില്‍ ഞാനുമെന്റെ ഭാര്യയും ഏറ്റവും അധികം കരഞ്ഞത്. ഈ രണ്ട് മക്കളുടെ കാര്യത്തിലും സംഭവിച്ചത് അതാണ്’.
ജയറാമിന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നാളെയാണ്. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് ധനസഹായമായി നല്കി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നിന്ന് പുതിയ പശുക്കളെ വില കുറവില്‍ വാങ്ങാന്‍ സഹായിക്കാമെന്നും കൂടെ വരാമെന്നും ജയറാം കുട്ടിക്കര്‍ഷകരായ ജോര്‍ജിനും മാത്യുവിനും വാക്ക് നല്കി.
Read Also : 13 പശുക്കൾ കൂട്ടത്തോടെ ചത്തു; കുട്ടികർഷകർക്ക് സഹായഹസ്തവുമായി നടൻ ജയറാം
വെള്ളിയാമറ്റത്ത് കുട്ടികളായ ജോര്‍ജുകുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്.
Story highlights : Jayaram help dairy farmers Mathew and George