‘ദൈവവും പറുദീസയും എന്നേ കൈവിട്ടവരാണ് നമ്മൾ’; നിഗൂഢതകൾ നിറച്ച് ‘അബ്രഹാം ഓസ്‌ലർ’ ട്രെയിലർ

January 4, 2024

2024-ല്‍ മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഒസ്ലര്‍’. റിലീസിന് ഒരാഴ്ച ബാക്കിനില്‍ക്കെ ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയപ്രവര്‍ത്തകര്‍. തെലുഗു സൂപ്പര്‍താരം മഹേഷ് ബാബുവാണ് ട്രെയിലര്‍ റീലീസ് ചെയ്തത്. ജനുവരി 11-നാണ് ഈ ജയറാം ചിത്രം റിലീസിനെത്തുന്നത്. ( Jayaram movie Abraham Ozler trailer released )

ഏറെ ദുരൂഹതകളും, സസ്പെന്‍സുകളും ഫ്‌ളാഷ്ബാക്കുകളും നിറഞ്ഞ ഒരു മെഡിക്കല്‍ ത്രില്ലറാണ് ‘അബ്രഹാം ഒസ്ലര്‍’. അപ്രതീഷിതമായ കഥാപാത്രങ്ങളുടെ കടന്നു വരവും, വഴിത്തിരിവുകളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്രൈം ത്ര്ില്ലറായ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണിത്.

ദുരൂഹതകള്‍ നിറഞ്ഞ ഒരു മരണവും തുടര്‍ന്നുണ്ടാകുന്ന അന്വേഷണവുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. അബ്രഹാം ഓസ്‌ലര്‍ എന്ന പൊലീസുകാരനായിട്ടാണ് ജയറാം വേഷമിടുന്നത്. ഈ ചിത്രത്തിലൂടെ മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജയറാം. കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ജഗദീഷ്, അര്‍ജുന്‍ അശോകന്‍, സൈജുകുറുപ്പ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, ദര്‍ശന നായര്‍, അസീം ജമാല്‍, ആര്യാസലിം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം. ഹസനും, മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ആന്‍ മെഗാ മീഡിയയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Read Also : മിനിറ്റുകളുടെ ഇടവേളയിൽ രണ്ടു വ്യത്യസ്ത ദിവസങ്ങളിലും വർഷങ്ങളിലുമായി പിറന്ന് ഇരട്ട കുട്ടികൾ

ഡോ. രണ്‍ധീര്‍ കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മിഥുന്‍ മുകുന്ദ് ആണ് സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. കലാസംവിധാനം – ഗോകുല്‍ദാസ്, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ – അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് – രജീഷ് വേലായുധന്‍, റോബിന്‍ വര്‍ഗീസ്, ക്രിയേറ്റീവ് ഡയറക്ടര്‍ – പ്രിന്‍സ് ജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോണ്‍ മന്ത്രിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, ലൈന്‍ പ്രൊഡ്യൂസര്‍ – സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, പിആര്‍ഒ – വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറപ്രവര്‍ത്തകര്‍.

Story highlights : Jayaram movie Abraham Ozler trailer released