13 പശുക്കൾ കൂട്ടത്തോടെ ചത്തു; കുട്ടികർഷകർക്ക് സഹായഹസ്തവുമായി നടൻ ജയറാം

January 2, 2024

കലയിൽ സജീവമാണെങ്കിലും കാർഷിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നടൻ ജയറാം. സ്വന്തമായി പശു ഫാം നടത്തുന്ന ജയറാം കാർഷിക മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ വലുതാണ്. ഒരു കര്ഷകനെന്ന നിലയിൽ മറ്റൊരു കർഷകന്റെ നൊമ്പരങ്ങളെ മനസിലാക്കാനും ജയറാമിന് സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായവുമായി നടൻ ജയറാം എത്തുന്നത്.

കുട്ടിക്കർഷകരായ ജോർജുകുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. നിരവധി പുരസ്കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്.

ഈ അവസരത്തിൽ നടൻ ജയറാം കുട്ടിക്കർഷകരുടെ വീട്ടിലെത്തും. കുട്ടികൾക്ക് സാമ്പത്തിക സഹായം കൈമാറും. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട് സന്ദര്‍ശിക്കും. സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ഉണ്ടെന്ന് കുട്ടിക്കർഷകർ.

Read also: കലാമാമാങ്കത്തിനൊരുങ്ങി കൊല്ലം; സമാപന സമ്മേളനത്തില്‍ നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥി

5 ലക്ഷം രൂപയാണ് ജയറാം നല്കുകയെന്നാണ് വിവരം. 20 വർഷമായി ഇതുപോലെ പശുക്കളെ വളർത്തുന്ന ആളാണ് താനെന്നും 10 മിനിറ്റ് കുട്ടികളുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് എന്നും ജയറാം പറയുന്നു. തന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്ന പൈസയാണ് ജയറാം കുട്ടികർഷകർക്ക് നൽകുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികൾക്കായി ഈ പൈസ നൽകുന്നതിൽ സന്തോഷമാണ്. ഞാനും ഒരു കർഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകുമെന്നും ജയറാം പറയുന്നു.

Story highlights- Jayaram’s helping hand towards teenage farmers who lost 13 cows