കണ്ണൂരിലെ ‘ഒട്ടക കല്യാണം’ ഉണ്ടാക്കിയ പൊല്ലാപ്പ്; വരനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസ്‌..!

January 17, 2024

വിവാഹ ചടങ്ങുകള്‍ക്ക് വ്യത്യസ്ഥത തേടുന്നവരാണ് നാം. വിവാഹദിനം കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമെല്ലാം കയറി വധുവിന്റെ വീട്ടിലെത്തുന്ന വരന്റെ ദൃശ്യങ്ങള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. അത്തരത്തിലൊരു ‘ഒട്ടക കല്യാണം’ നടത്തിയതിന്റെ പൊല്ലാപ്പിലാണ് കണ്ണൂര്‍ വളപട്ടണം സ്വദേശിയായ റിസ്‌വാനും സുഹൃത്തുക്കളും. കണ്ണൂര്‍ വാരത്ത് വിവാഹാഘോഷം അതിരുവിട്ടതില്‍ വരനെതിരെ കേസെടുത്തിരിക്കുകയാണ് ചക്കരക്കല്‍ പൊലീസ്. ( Kannur wedding celebration case against groom )

കണ്ണൂര്‍ വാരം ചതുരക്കിണറില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാദമായ വിവാഹാഘോഷം. ശനിയാഴ്ചയായിരുന്നു വളപട്ടണം സ്വദേശിയായ റിസ്‌വാനും ചതുരക്കിണര്‍ സ്വദേശിനിയായ യുവതിയും തമ്മിലുള്ള നിക്കാഹ് നടന്നത്. ഞായറാഴ്ച വരനും സുഹൃത്തുക്കളും വധുവിന്റെ വീട്ടിലെ സല്‍ക്കാരത്തിനായി എത്തിയപ്പോഴാണ് ആഘോഷം അതിരുവിട്ടത്.

മുണ്ടയാട് മുതല്‍ വധുവിന്റെ വീട് വരെ ഒട്ടകപ്പുറത്തായിരുന്നു വരന്റെ യാത്ര. അലങ്കരിച്ച ഒട്ടകത്തിന്റെ പുറത്ത് പുഷ്പകിരീടം ചൂടിയ വരന്‍. നൃത്തച്ചുവടുകളോടെ ഗതാഗതം സുഹൃത്തുക്കള്‍ തടസപ്പെടുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചത്. ഇതിനൊപ്പം അകമ്പടിയായി വാദ്യമേളങ്ങളും, പടക്കം പൊട്ടിക്കലും അടക്കം പൊടിപാറിയ ആഘോഷമായിരുന്നു.

Read Also : 12-ാം ക്ലാസിൽ ഇംഗ്ലീഷിന് 21 മാർക്ക്, ഉമേഷ് ഗണപത് തോറ്റുപിൻമാറിയില്ല; മഹാരാഷ്ട്രയിൽ നിന്ന് മറ്റൊരു ‘ട്വല്‍ത്ത് ഫെയിൽ’ കഥ

ഇവര്‍ കടന്നുപോകുന്നതിനിടെ കണ്ണൂര്‍ മട്ടന്നൂര്‍ റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പിന്നാലെ നാട്ടുകാര്‍ ഇടപെട്ടതോടെ ചക്കരക്കല്‍ പൊലീസ് സ്ഥലത്തെത്തി. വരനോടെപ്പമുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാല്‍ വിവാദ ദൃശ്യങ്ങള്‍ ഒട്ടകകല്യാണമെന്ന പേരില്‍ വീണ്ടും പ്രചരിച്ചതോടെയാണ് വരനും സുഹൃത്തുക്കളും അടക്കം 26 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു, ഗതാഗത തടസം ഉണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Story highlights : Kannur wedding celebration case against groom