ലോകത്തെ വിസ്മയപ്പിച്ച് കടലിൽ നിർമിച്ച വിമാനത്താവളം; പ്രതീക്ഷ തെറ്റിച്ച് മുങ്ങിപ്പോകുമോ?

January 5, 2024

ടേബിള്‍ ടോപ് റണ്‍വേകളും മലയിടുക്കുകളിലെ റണ്‍വേകളും അടക്കം വ്യത്യസ്തമായ വിമാനത്താവങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ വിമാനത്താവളമാണ് ജപ്പാനിലെ ജപ്പാനിലെ കന്‍സായി അന്താരാഷ്ട്ര വിമാനത്താവളം. ഈ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് കടലിന് നടുവിലാണ്. അതിനായി ആദ്യമായി മനുഷ്യനിര്‍മിത ദ്വീപ് ഒരുക്കിയ ശേഷമാണ് വിമാനത്താവളം പണികഴിപ്പിച്ചത്. ( Kansai international airport built in ocean but sinking now )

20 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ഈ വിമാനത്താവളം 1994-ലാണ് സര്‍വീസിനായി തുറന്നുകൊടുത്തത്. ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ഈ വിമാനത്താവളം വഴി ഓരോ വര്‍ഷവും 25 മില്ല്യണ്‍ യാത്രക്കാരെങ്കിലും സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒസാക്ക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് കൂടിയപ്പോഴാണ് ഈ ദ്വീപീലെ വിമാനത്താവളം തുറന്നുകൊടുത്തത്.

എന്നാല്‍, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിമാനത്താവളം മുങ്ങിപ്പോകുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. അത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് വ്യാപകമായി പങ്കുവയ്ക്കുന്നത്. ജപ്പാനിലെ ഗ്രേറ്റര്‍ ഒസാക്ക മേഖലയിലെ ഹോണ്‍ഷു തീരത്ത് ഒസാക്ക ബേയുടെ മധ്യത്തിലാണ് ഈ വിമാനത്താവളത്തിന്റെ സ്ഥാനം. ഈ വിമാനത്താവളം പണിയുന്നതിന് വേണ്ടി മാത്രമാണ് കങ്കൂജിമ എന്ന മനുഷ്യനിര്‍മിത ദ്വീപ് നിര്‍മിച്ചത്.

രണ്ട് ടെര്‍മിനലുകളാണ് ഈ വിമാനത്താവളത്തിനുള്ളത്. റെന്‍സോ പിയാനോ ആണ് ടെര്‍മിനല്‍ വണ്‍ ഡിസൈന്‍ ചെയ്തത്. പ്രധാന വിമാനക്കമ്പനികളുടെ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ ഫ്‌ലൈറ്റുകള്‍ ഇവിടെ വരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ എയര്‍പോര്‍ട്ട് ടെര്‍മിനലായ ഇതിന്റെ നീളം 1.7 കിലോമീറ്ററാണ്. ലോക്കല്‍ ഫ്‌ലൈറ്റുകള്‍ക്ക് മാത്രമായി ഉള്ളതാണ് ടെര്‍മിനല്‍ ടു.

വിമാനത്താവളം ഒരു വിസ്മയക്കാഴ്ച്ചയാണെങ്കിലും ഇതേ ചൊല്ലിയുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും എപ്പോഴും ഉണ്ടായിട്ടുണ്ട്. സ്മിത്സോണിയന്‍ മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം 1994 -ലാണ് വിമാനത്താവളം ആദ്യമായി തുറന്നത്. 2018 ആയപ്പോഴേക്കും അത് 38 അടി താഴോട്ട് പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എഞ്ചിനീയര്‍മാര്‍ പ്രവചിച്ചതിലും കൂടുതലാണ് ഈ താഴ്ചയെന്നാണ് പറയപ്പെടുന്നത്.

Read Also : “ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതർ ദക്ഷിണേന്ത്യൻ നഗരങ്ങളിൽ”; ആദ്യ അഞ്ചിൽ കൊച്ചിയും തിരുവനന്തപുരവും!!

ഒസാക്കയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും ഒസാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നതില്‍ ഇതിന്റ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ അതിനായി ചെലവഴിച്ച് ഭീമമായ തുക ഒരു നഷ്ടമാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ ഒരു 100 വര്‍ഷമെങ്കിലും വിമാനത്താവളം നിലനില്‍ക്കും എന്ന് ഒരുകൂട്ടം വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് 25 വര്‍ഷത്തിനുള്ളില്‍ അത് അപ്രത്യക്ഷമായേക്കാം എന്നാണ്.

Story highlights : Kansai international airport built in ocean but sinking now