ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വത മുനയിലൊരു മലയാളിയുടെ പാദസ്പർശം..!

January 22, 2024

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സജീവമായ അഗ്നി പര്‍വതമാണ് അര്‍ജന്റീന – ചിലി അതിര്‍ത്തിയിലെ ഓജോസ് ദെല്‍ സലാദോ. ഈ അഗ്നിപര്‍വതത്തിന്റെ നെറുകയില്‍ ഒരു മലയാളി പര്‍വ്വതാരോഹകന്റെ പാദം പതിഞ്ഞിരിക്കുകയാണ്. പത്തനം പന്തളം സ്വദേശിയായ 36-കാരനായ ഷെയ്ഖ് ഹസന്‍ ഖാനാണ് 22,615 അടി ഉയരമുള്ള അഗ്‌നിപര്‍വ്വതം കീഴടക്കിയത്. ( Kerala government employee conquers world’s tallest volcano )

ചിലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം കൂടിയാണ് ഓജോസ് ദെല്‍ സലാദോ. ഈ പര്‍വതത്തിന്റെ ഉച്ചിയില്‍ ഇന്ത്യയുടെ ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹസന്‍ ഖാന്‍ കീഴടക്കുന്ന ഏഴാമത്തെ ഉയരം കൂടിയ പര്‍വതവും ഇതാണ്. ലോകത്തിലെ ഉയരം കൂടിയ മറ്റ് പര്‍വ്വതങ്ങളായ എവറസ്റ്റ്, കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍, റഷ്യയിലെ മൗണ്ട് എല്‍ബ്രസ് എന്നീ പര്‍വ്വതങ്ങള്‍ കീഴടക്കിയ ശേഷമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപര്‍വ്വതമായ ഓജോസ് ദെല്‍ സലാദോ, ഷെയ്ഖ് ഹസന്‍ ഖാന്‍ കീഴടക്കിയത്.

കൊവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ 2022-ലാണ് ലോകത്തിലെ ഏറ്റവും വലിയ പര്‍വതമായ എവറസ്റ്റിലെത്തിയത്. ഈ മാസമാദ്യമാണ് തെക്കെ അമേരിക്കയിലെ മൗണ്ട് അക്കോണ്‍കാഗ്വ കീഴടക്കിയത്. ഡിസംബറിലാണ് അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് വിന്‍സണ്‍ കീഴടക്കിയത്. ഇതിന് പിന്നാലെയാണ് ഹസന്‍ ഖാന്‍ ഓജോസ് ദെല്‍ സലാദോ കീഴടക്കാനെത്തിയത്.

Read Also : ‘ഗംഖര്‍ പ്യൂണ്‍സം’; പര്‍വതാരോഹകര്‍ കീഴടക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, കാരണമറിയാം..!

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം ലോകത്തെ മുഴുവന്‍ അറിയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷെയ്ഖ് ഹസന്‍ ഖാന്‍ പറയുന്നു. ഓജോസ് ദെല്‍ സലാദോ പര്‍വ്വത മുകളില്‍ നിന്ന് ‘Climate Change is real’ എന്ന് ശരീരത്തില്‍ എഴുതിയ കുറിപ്പ് കാണിക്കുന്ന ഷെയ്ഖ് ഹസന്‍ ഖാന്റെ ചിത്രം പിടിഐ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. പന്തളം സ്വദേശി എം എ അലി അഹമ്മദ് ഖാന്റെയും ജെ ഷാഹിദയുടെയും മകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസറായി ജോലി ചെയ്യുകയാണ്.

Story highlights : Kerala government employee conquers world’s tallest volcano