റിപ്പബ്ലിക് ദിന പരേഡ് 2024- ഇത്തവണയും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങൾ പരേഡിൽ ഇല്ല

January 25, 2024

രാജ്യം 75-ാമത് റിപ്പബ്ലിക് ദിനത്തെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. കാർത്തവ്യ പാതയിൽ നാളെ ഓരോ സംസ്ഥാനത്തിന്റെയും നിശ്ചലദൃശ്യങ്ങൾ തലയെടുപ്പോടെ നീങ്ങും. എന്നാൽ, ഇത്തവണയും കേരളത്തിന്റെ നിശ്ചലദൃശ്യങ്ങൾ ഇല്ല എന്നത് മലയാളികൾക്ക് നിരാശ സമ്മാനിക്കുന്നുണ്ട്. എന്നാൽ, 17 സംസ്ഥാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ, അസം, അരുണാചൽ പ്രദേശ്, ത്രിപുര, ജമ്മു & കശ്മീർ എന്നിവയുൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പബ്ലിക് ദിന പരേഡിനായി തങ്ങളുടെ നിശ്ചലദൃശ്യങ്ങൾ കാർത്തവ്യ പാതയിൽ പ്രദർശിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു.

23 നിശ്ചലദൃശ്യങ്ങൾ ആണ് പ്രദർശിപ്പിക്കുക. 17 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ആറ് വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നും പ്രദർശിപ്പിക്കും. ‘വികസിത ഭാരത്’, ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നിവയാണ് ഈ വർഷത്തെ ടാബ്ലോയുടെ പ്രമേയം.

കേരളത്തിൽ നിന്നുമുള്ള ടാബ്ലോ ആറുവർഷത്തിനിടെ നാലാം തവണയാണ് പ്രതിരോധ മന്ത്രാലയം നിരസിക്കുന്നത്. ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള നിശ്ചല ദൃശ്യങ്ങൾ ആയിരുന്നു കേരളം ആദ്യം സമർപ്പിച്ചത്. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രമേയത്തിന് അനുസൃതമല്ലാത്തത് കാരണമാണ് കേരളത്തിന് അനുമതി നിഷേധിച്ചത്.

തിരഞ്ഞെടുക്കൽ പ്രക്രിയയിൽ ഒരു വിദഗ്ധ സമിതി സൂക്ഷ്മപരിശോധനയും പ്രമേയം, അവതരണം, സൗന്ദര്യശാസ്ത്രം മുതലായവയിൽ സംസ്ഥാനങ്ങളുമായി കമ്മിറ്റി അംഗങ്ങൾ നടത്തുന്ന നിരവധി റൗണ്ട് ഇടപെടലുകളും ഉൾപ്പെടുന്നു. കേരളത്തിന് ചില ഭേദഗതികൾ നിർദേശിച്ചത് അനുസരിച്ച് പുതിയ നാല് നിശ്ചല ദൃശ്യങ്ങൾ പിന്നീട് സമർപ്പിച്ചിരുന്നു.

Read also: ആഴത്തിൽ വേരുറച്ച ചരിത്രപരമായ ബന്ധം; ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് പരേഡിലെ അതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്റ് സുകർനോ.

ജനാധിപത്യത്തിന്‍റെ മാതാവ് എന്ന വിഷയത്തിൽ സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാൻ്റെ പ്രതിമ ഉള്‍പ്പെട്ട മാതൃകയാണ് കേരളം സമർപ്പിച്ചത്. വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷൻ പദ്ധതിയും വിദ്യാഭ്യാസ രംഗത്തെ നേട്ടം സംബന്ധിച്ച് മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്‍റെ പ്രതിമ അടങ്ങിയ മാതൃകയും കേരളം ടൂറിസത്തിന്റെ മാതൃകയും കേരളം സമർപ്പിച്ചു. എന്നാൽ ഈ നാലു മാതൃകകളും പ്രതിരോധമന്ത്രാലയം തള്ളി. അതേസമയം, കേരളം നല്‍കിയ ടാബ്ലോ ‘ഭാരത് പർവ് ‘ പരേഡിൽ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതേസമയം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ അനുമതി പ്രതിരോധ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു.

Story highlights- Kerala’s Republic Day tableau rejected