മലപ്പുറത്തിനുമുണ്ട് ‘ലയണൽ മെസി’; മികച്ച ഫുട്‌ബോളറാക്കണമെന്ന ആഗ്രഹത്തോടെ പിതാവും

January 5, 2024

കാല്‍പന്തുകളിയെ ജീവതാളമാക്കിയവരാണ് മലപ്പുറത്തുകാര്‍. അക്കൂട്ടത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയേയും അര്‍ജന്റീനയെയും നെഞ്ചേറ്റുന്നവരും കുറവല്ല. ലോകകപ്പ് അടക്കം സ്വന്തമാക്കി അര്‍ജന്റീനയുടെ ആരാധനപാത്രമായ മെസിയോടുള്ള സ്‌നേഹപ്രകടനങ്ങള്‍ പുതുമയുള്ള കാര്യമല്ല. ആ സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഐതുന്റെ പുരക്കല്‍ മന്‍സൂര്‍. മന്‍സൂര്‍ തന്റെ കുഞ്ഞിന് നല്‍കിയ പേരാണ് എല്ലാവരിലും കൗതുകമായി മാറിയിരിക്കുന്നത്. ( Lionel Messi from Malappuram Tirur )

2023 ഓഗസ്റ്റ് നാലിനാണ് മന്‍സൂറിനും ഭാര്യ സഫീല നസ്‌റിനും ഒരു കുഞ്ഞ് പിറന്നത്. സൂപ്പര്‍താരം മെസിയുടെ കടുത്ത ആരാധരകനായ മന്‍സൂറിന് മറ്റൊരു പേരിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലായിരുന്നു. പേര് എ.പി ലയണല്‍ മെസി, സ്വദേശം തിരൂര്‍ കൂട്ടായി. ഇതായിരുന്നു ജനന സര്‍ട്ടഫിക്കിറ്റിനായി മന്‍സൂര്‍ നല്‍കിയത്. ഇങ്ങനെയൊരു പേരിടാന്‍ തീരുമാനിച്ചതോടെ പലയിടത്തു നിന്നായി വിമര്‍ശനങ്ങളുണ്ടായെങ്കിലും പിന്തുണയുമായി ഒപ്പം നിന്നത് സഫീല നസ്‌റിനായിരുന്നു. പിന്നാലെ സുഹൃത്തുക്കളും അനുകൂലിച്ച് വന്നതോടെ മന്‍സൂറും ഹാപ്പിയായി.

തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയിലായിരുന്നു ‘ലയണല്‍ മെസി’യുടെ ജനനം. നീലയും വെള്ളയും കലര്‍ന്ന അര്‍ജന്റീന ജഴ്‌സിയണിഞ്ഞ കുഞ്ഞു മെസിയുടെ ചിത്രങ്ങളും ‘എ.പി ലയണല്‍ മെസി ‘ എന്നെഴുതിയ ജനന സര്‍ട്ടിഫിക്കറ്റുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്.

Read Also : ‘ഒരു പാതി ആണും മറുപാതി പെണ്ണും’; അപൂർവ്വയിനം പക്ഷിയെ കണ്ടെത്തി ഗവേഷകർ!

മകന്‍ വളര്‍ന്നു വലുതായ ശേഷം അവന് വേണമെങ്കില്‍ പേര് മാറ്റിക്കോട്ടെയെന്നാണ് മന്‍സൂറിന്റെ നിലപാട്. കൂടാതെ മികച്ച ഫുട്‌ബോള്‍ താരമായി മലപ്പുറത്തിന്റെ മെസിയെ വളര്‍ത്തിയെടുക്കണമെന്ന ആഗ്രഹും പിതാവിനുണ്ട്. സൗദിയിലെ സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റിങ് സൂപ്പര്‍വൈസറായിട്ടാണ് മന്‍സൂര്‍ ജോലി ചെയ്യുന്നത്. ഇപ്പോള്‍ താനൂരിലെ മാതാവിന്റെ വീട്ടിലാണ് ലയണല്‍ മെസിയുടെ താമസം.

Story highlights : Lionel Messi from Malappuram Tirur