വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; സഹയാത്രികന്റെ ജീവിതം തിരിച്ച് പിടിച്ച് മലയാളി ഡോക്ടർ!

January 17, 2024

ഒപ്പം ആരുമില്ലാതെ യാത്ര ചെയ്യുമ്പോൾ പെട്ടന്നൊരു അപകടം വന്നാലോ? അതും ആകാശത്ത് വെച്ച്. മറ്റ് യാത്രാ മാധ്യമങ്ങൾ ആണെങ്കിൽ വേഗം ആശുപത്രിയിൽ എത്തിക്കാം എന്ന ആശ്വാസമുണ്ട്. എന്നാൽ വിമാന യാത്രയ്ക്കിടെ അപകടങ്ങൾ സംഭവിച്ചാൽ പലപ്പോഴും നിസ്സഹായരായി നോക്കി നില്ക്കാൻ മാത്രമേ സാധിക്കൂ. എന്നാൽ അടുത്തിടെ വിമാന യാത്രയ്ക്കിടെ സഹയാത്രികന്റെ ജീവൻ രക്ഷിക്കാൻ നിർണ്ണായക പങ്ക് വഹിച്ച മലയാളി ഡോക്ടറാണ് ഇപ്പോൾ പ്രശംസകൾ ഏറ്റു വാങ്ങുന്നത്. (Malayali Doctor helps save drowning man in a flight)

ജനുവരി 14ന് രാത്രി കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശാ എയർ വിമാനത്തിലാണ് സംഭവം. ഉയർന്ന രക്തസമ്മർദ്ദവും ഓക്‌സിജന്റെ അളവിലുള്ള വ്യതിയാനകളും മൂലം ശ്വാസതടസ്സം അനുഭവപ്പെട്ട സഹയാത്രികനെ രക്ഷപ്പെടുത്തിയ കൊച്ചി സ്വദേശി ഡോക്ടർ സിറിയക് എബി ഫിലിപ്‌സാണ് താരം.

സംഭവത്തെ കുറിച്ച് ഡോക്ടർ സിറിയക് X-ൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. മൂന്നര വർഷത്തിനിടെ താൻ ഒരു സ്റ്റെതസ്കോപ്പ് സജീവമായി ഉപയോഗിക്കുന്ന ആദ്യ സംഭവമാണിതെന്ന് വിമാനത്തിലെ സംഭവം വിവരിച്ചുകൊണ്ട് ഡോക്ടർ സിറിയക് പറഞ്ഞു.

ജോലി കഴിഞ്ഞ് ക്ഷീണിതനായത് കൊണ്ട് ഡോക്ടർ ഒന്ന് മയങ്ങാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടടുത്തുള്ളയാൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്. എയർ ഹോസ്റ്റസ് അടിയന്തിര ചികിത്സയ്ക്കായി നെബുലൈസർ പ്ലഗ് ഇൻ ചെയ്യാൻ ശ്രമിക്കുന്നത് കണ്ട ഡോക്ടർ അവരെ മെഷീൻ പ്രവർത്തിപ്പിക്കാൻ സഹായിച്ചു. മുറിഞ്ഞ വാക്കുകളിൽ അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ഭേദമാകുന്ന ലക്ഷണങ്ങൾ ഒന്നും കണ്ടില്ല.

Read also: ദൈവം ഭൂമിയിലേക്ക് ഇറങ്ങിയ നിമിഷം; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 കുട്ടികൾക്ക്!

ഡോക്ടർ സ്റ്റെതസ്കോപ്പ് വാങ്ങി പരിശോധിച്ചപ്പോൾ അയാളുടെ ഇടതുവശത്തുള്ള ശ്വാസകോശത്തിൽ പൂർണ്ണമായും ശബ്ദം ഇല്ലെന്നും അതിൽ വെള്ളം നിറഞ്ഞിരിക്കുന്നു എന്നും കണ്ടെത്തി. ശ്രമകരമായി ശ്വസിക്കുന്നതിനിടയിൽ തൻ്റെ കിഡ്നി തകരാറിലാണെന്ന് യാത്രക്കാരൻ ഡോക്ടറോട് പറഞ്ഞു. ഡോക്ടർ വിശദമായി ചോദിച്ചപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്തുവരുന്നയാളാണ് രോഗി എന്നും മനസ്സിലാക്കി.

രോഗിയുടെ ലഭ്യമായിരുന്ന ഒരേയൊരു ഞരമ്പിൽ ഡോക്ടർ ഡബിൾ പഞ്ചർ ചെയ്തു എന്നാൽ വേഗം തന്നെ അക്സസ്സ് നഷ്ടപ്പെട്ടു. മറ്റ് വഴികളൊന്നും മുൻപിൽ ഇല്ലാതിരുന്നതിനാൽ വേദന ഉണ്ടാകുമെന്ന് പറഞ്ഞ ശേഷം അയാൾക്ക് ഫ്രൂസെമൈഡ് ഇൻജെക്ഷൻ നൽകി. ഫ്ളൈറ്റിന്റെ എമെർജെൻസി കിറ്റിൽ രക്തസമ്മർദ്ദം കുറയ്ക്കുന്ന ചില മരുന്നുകൾ കണ്ടെത്തിയ ഡോക്ടർ ഇടക്ക് അവയും രോഗിക്ക് നൽകി.

Read also: ദുരന്തമുഖത്ത് ഭക്ഷണമില്ലാതെ 24 മണിക്കൂര്‍; 4 മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടി പൊലീസ് ഓഫിസര്‍

വിമാനം ലാൻഡ് ചെയ്ത ശേഷം യാത്രക്കാരന് ആവശ്യമായ ചികിത്സ ലഭിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർ ഫിലിപ്പ് രോഗിയുടെ വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. “അടുത്ത ദിവസം, അയാൾ സുഖമായിരിക്കുന്നുവെന്ന് എന്നെ അറിയിക്കാൻ അദ്ദേഹത്തിന്റെ കുടുംബം സന്ദേശം അയച്ചു. വൈകുന്നേരം അടിയന്തിര ഡയാലിസിസ് കഴിഞ്ഞ് ICU-ൽ നിന്ന് മാറ്റിയതിന് ശേഷം രോഗി തന്നെ എന്നെ വിളിച്ചു,” ഡോക്ടർ പറഞ്ഞു.

യാത്രക്കാരന്റെ ജീവൻ നിലനിർത്താൻ സഹായിച്ച ആകാശാ എയർ ജീവനക്കാരെയും ഡോ.ഫിലിപ്സ് അഭിനന്ദിച്ചു. അവർ പെട്ടെന്ന് തന്നെ ഓക്‌സിജൻ സിലിണ്ടറുകൾ മാറ്റി ഓക്സിജൻ സാച്ചുറേഷൻ 90 ശതമാനത്തിന് മുകളിൽ എത്തിക്കാൻ തന്നെ സഹായിച്ചുവെന്ന് ഡോക്ടർ പറയുന്നു.

വൈകാതെ തന്നെ ഡോക്ടർ സിറിയക്കിന്റെ പോസ്റ്റ് വൈറൽ ആകുകയും നിരവധി ആളുകൾ ഡോക്ടറുടെ സമയോചിതമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

Story highlights: Malayali Doctor helps save drowning man in a flight