ആറ് മാസം, 7163 കിലോമീറ്റർ; ഗിന്നസിൽ ഇടംനേടിയ പ്രൊപ്പോസൽ വിശേഷമറിയാം…!

January 18, 2024

പെണ്ണുകാണലും അതിനോട് അനുബന്ധ ചടങ്ങുകളുമായിട്ടാണ് നമ്മുടെ നാടുകളിലെ വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ നമ്മുടെ നാട് വിട്ടാല്‍ പ്രത്യേകിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ദീര്‍ഘനാളത്തെ പ്രണയം, പ്രൊപ്പോസല്‍, വിവാഹം എന്നിങ്ങനെയാണ് ചടങ്ങുകള്‍. വ്യത്യസ്തമായ രീതിയില്‍ വിവാഹാഭ്യാര്‍ഥന നടത്തുക എന്നത് അവിടെ പതിവാണ്. അത്തരത്തില്‍ വളരെ രസകരമായ പ്രൊപ്പോസല്‍ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ( Man proposes by spelling out ‘Marry Me’ across islands )

അത്തരത്തില്‍ വളരെ വ്യത്യസ്തമായ ഒരു വിവാഹ അഭ്യര്‍ഥനയാണ് ജാപ്പനീസ് ആര്‍ട്ടിസ്റ്റ് യാസുഷി തകഹാഷി നടത്തിയത്. ഗൂഗിള്‍ മാപ്പില്‍ ജിപിഎസ് ട്രാക്കിങ്ങിലൂടെ നടത്തിയ ഈ വിവാഹാഭ്യാര്‍ഥന ഗിന്നസ് ബുക്കിലും ഇടംപിടിച്ചു എന്നതും ശ്രദ്ധേയമാണ്.

2008-ല്‍ നടന്ന സംഭവം ഈയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ റീല്‍ വീഡിയോ ആയി പ്രചരിച്ചതോടെയാണ് വീണ്ടും ചര്‍ച്ചയായത്. തന്റെ ജോലി രാജിവച്ചാണ് തകഹാഷി ഈ പ്രൊപ്പോസല്‍ നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടത്. കൃത്യമായ തയ്യാറെടുപ്പുകളോടെ ജപ്പാനിലെ ഹൊക്കയ്‌ഡോ ദ്വീപില്‍ നിന്നും ആരംഭിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷം കഗോഷിമയിലാണ് യാത്ര അവസാനിച്ചത്.

ഏതാണ്ട് 7,163 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് യാസുഷി ഈ ജി.പി.എസ് ഡ്രോയിങ് പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജിപിഎസ് ഡ്രോയിങ്ങ് എന്ന ഖ്യാതിയോടെ ഇത് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടംപിടിച്ചു.

യസ്സാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യാസുഷി, കൂടുതലും നടന്നാണ് ഇത്രയും ദുരം സഞ്ചരിച്ചത്. കാര്‍, ഫെറി, സൈക്കിള്‍ എന്നിവയും യാത്രക്കിടയില്‍ ഉപയോഗിച്ചിരുന്നു. ആറ് മാസത്തെ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ യാസുഷി, ഈ ഡാറ്റകളെല്ലാം ഗൂഗിള്‍ മാപ്പിലേക്ക് ഉള്‍പ്പെടുത്തി. തുടര്‍ന്ന് തന്റെ യാത്രയുടെ മാപ്പ് കാമുകിയെ കാണിച്ചുകൊടുത്തു. അപ്പോഴാണ് കാമുകി ആ പ്രൊപ്പോസല്‍ കാണുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ ‘മാരി മി’ എന്നായിരുന്നു പ്രൊപ്പോസല്‍ ഡ്രോയിങ്. ഈ പ്രൊപ്പോസല്‍ നിരസിക്കാന്‍ കാമുകിക്ക് ആകുമായിരുന്നില്ല.

Read Also : എട്ടുകാലികളിലെ അഴകിയ രാവണൻ- ഇത് നീലനിറമാർന്ന അപൂർവ്വ ‘മയിൽ ചിലന്തി’

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ശേഷമാണ് യാസുഷി ഈ യാത്രക്ക് ഇറങ്ങിയത്. ഏറ്റവും മികച്ച റൂട്ടുകള്‍ മനസിലാക്കിയ യാസുഷി, മാപ്പുകള്‍ പഠിച്ച് എങ്ങനെ കൃത്യമായി ചെയ്യാമെന്ന് ഗൃഹപാഠം ചെയ്തിരുന്നു. ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഈ പ്രൊപ്പോസല്‍ ജീവിതമാര്‍ഗമാക്കിയിരിക്കുകയാണ് യാസുഷി. ജിപിഎസിന്റെ സഹായത്തോടെ 140-ലധികം ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തുവെന്നാണ് ഗുഗിള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി 24 രാജ്യങ്ങളും ഒരു ലക്ഷത്തിലധികം കിലോമീറ്ററുകളും യാസുഷി സഞ്ചരിച്ചിട്ടുണ്ട്.

Story highlights : Man proposes by spelling out ‘Marry Me’ across islands