സ്റ്റാർബക്സിനൊപ്പം മനീഷ് മൽഹോത്ര; ഇനി സ്റ്റൈലിൽ കാപ്പി കുടിക്കാം!
‘സ്റ്റാർബക്സ്’ എന്ന് കേട്ടാൽ ഉടനെ സ്ഥലം കാലിയാക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. കാര്യം വില അല്പം കൂടുതലാണെങ്കിലും വർഷങ്ങളായി സ്റ്റാർ ബക്സിന്റെ സ്ഥാനം പിടിച്ചെടുക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കാലങ്ങളായി, ഉപഭോക്താക്കൾക്ക് അന്തർദ്ദേശീയ ശൈലി, ഗ്ലാമർ, ഫാഷൻ എന്നിവ ഉൾക്കൊള്ളിക്കുന്ന ശേഖരങ്ങളുടെ ഒരു നിര തന്നെ ഒരുക്കാൻ സ്റ്റാർബക്സ് പല വമ്പൻ ബ്രാൻഡുകളുമായി സഹകരിച്ചു വരികയാണ്. ഇപ്പോഴിതാ, ആ വൻ നിരയിൽ ബോളിവുഡ് സ്റ്റാർ ഡിസൈനർ മനീഷ് മൽഹോത്രയും സ്ഥാനം പിടിച്ചിരിക്കുന്നു. (Maneesh Malhotra partner with Starbucks for limited edition drinkware)
അതായത് പറഞ്ഞു വരുന്നത് ഇനി കാപ്പി കുടിക്ക് അൽപ്പം സ്റ്റൈൽ കൂടും. ഇന്ത്യയ്ക്ക് വേണ്ടി മാത്രം ഒരു ലിമിറ്റഡ് എഡിഷൻ കളക്ഷൻ ഉണ്ടാക്കുന്നതിനാണ് സ്റ്റാർബക്സ് മനീഷ് മൽഹോത്രയുമായി കൈകോർക്കുന്നത്. സെറാമിക് കപ്പുകൾ, സ്റ്റെയിൻലെസ്സ് സ്റ്റീൽ ടംബ്ലറുകൾ, റീയൂസബിൾ കപ്പുകൾ എന്നിങ്ങനെ വ്യത്യസ്തമായ ഉല്പന്നങ്ങളാകും വിപണിയിൽ എത്തുക.
കശ്മീരി അലങ്കാര തുന്നലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് മനീഷ് കപ്പുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ പരമ്പരാഗത ഫ്ലോറൽ പാറ്റേണുകൾ ഇവയിൽ പ്രകടമാണ്. മനീഷ് മൽഹോത്ര ബ്രാൻഡിന്റെ സിഗ്നേച്ചറായ കശ്മീരി എംബ്രോയ്ഡറി, സ്റ്റാർബക്സ് കപ്പുകളിലും ടംബ്ലറുകളിലും പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളായി നിലകൊള്ളും.
കറുപ്പ്, സ്വർണ്ണം, വെളുപ്പ്, കാർമൈൻ എന്നിവയാണ് കപ്പുകളുടെ ഡിസൈനിൽ ഇടം പിടിച്ച നിറങ്ങൾ. പരമ്പരാഗത കരകൗശലത്തിൽ ആധുനികതയ്ക്ക് ഒട്ടും തന്നെ കുറവില്ല. 850 രൂപ മുതലാണ് ഈ എഡിഷനിലെ കപ്പുകളുടെ വില. കപ്പിനൊപ്പം മനീഷ് മൽഹോത്രയുടെ ഹൃദ്യമായ ആശംസാക്കുറിപ്പും ലഭിക്കും.
Story highlights: Maneesh Malhotra partner with Starbucks for limited edition drinkware